കോഴിക്കോട് – വയനാട് തുരങ്ക പാത നിര്‍മാണം അടുത്ത മാര്‍ച്ചില്‍ ആരംഭിക്കും. ആദ്യ ഘട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പദ്ധതിക്കായി ഭൂമി നഷ്‌ടമാകുന്നവർക്ക് ഉയര്‍ന്ന നഷ്ട പരിഹാരം നല്‍കുമെന്ന് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് പറഞ്ഞു.
താമരശ്ശേരി ചുരം റോഡിന് ബദലായി നിര്‍മിക്കുന്ന തുരങ്ക പാതക്കായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പ്രാഥമിക അനുമതി ലഭിച്ചുകഴിഞ്ഞു. 2020 ല്‍ പദ്ധതി പ്രഖ്യാപനം നടത്തിയ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്ക പാതയാണ് യാഥാര്‍ത്ഥ്യമാകുന്നത്. സര്‍ക്കാർ ഏജൻസിയായ കിറ്റ് കോ നടത്തിയ സാമൂഹ്യാ ആഘാത പഠന റിപോര്‍ടനുസരിച്ച് പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുമായി വയനാട് , കോഴിക്കോട് ജില്ലാ ഭരണകൂടങ്ങൾ ചര്‍ച്ച നടത്തി. അടുത്തവര്‍ഷം മാര്‍ച്ചില്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയെ പിന്തുണക്കുന്നുവെന്നും, എന്നാൽ സ്ഥലം വിട്ടു നൽകുന്നവർക്ക് അർഹമായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും താമരശ്ശേരി രൂപതാ കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ആകെ ഏഴര കിലോമീറ്റർ ദൂരത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17ഹെക്ടർ ഭൂമിയില്‍ മരം വച്ചുപിടിപ്പിക്കണമെന്നും അത് റിസര്‍വ് വനമായി വിജ്ഞാപനം ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശം നടപ്പാക്കുന്നതിനായി വയനാട് ജില്ലയിലാണ് ഭൂമി കണ്ടെത്തിയിട്ടുണ്ട്. കിഫ്ബിയില്‍നിന്നുള്ള 658 കോടി രൂപ ചെലവഴിച്ച് കൊങ്കണ്‍ റയില്‍വേ കോര്‍പ്പറേഷനാണ് തുരങ്കപാത നിര്‍മിക്കുന്നത്.