ആലപ്പുഴ: നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകൾ മൂടിയിടണമെന്ന വിചിത്രമായ നിർദേശവുമായി അധികൃതർ. കായംകുളത്താണ് സംഭവം. കായംകുളത്ത് നവകേരള സദസ്സ് നടക്കുന്ന വേദിയുടെ 50 മീറ്റർ അകലെയാണ് ഇറച്ചി മാർക്കറ്റ്. നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തിൽ മാർക്കറ്റിലെ കടകൾ മൂടിയിടാനാണ് അധികൃതരുടെ നിർദേശം. സദസിനെത്തുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടാവുമെന്നും ഇതിനാലാണ് ഇത്തരമൊരു നിർദേശം നൽകിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ, ഇതിൽ കടുത്ത പ്രതിഷേധവുമായി കച്ചവടക്കാർ രംഗത്തെത്തി. മൂടിയിട്ടാൽ എങ്ങനെ കച്ചവടം നടക്കുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. കായംകുളത്തെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഹോട്ടലുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പാചക വാതകം ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം. നേരത്തെ കൊച്ചിയിലും സമാനമായ രീതിയിൽ വേദിയുടെ സമീപത്തെ കടകളിൽ ഭക്ഷണം പാചകം ചെയ്യരുതെന്ന നിർദേശം പൊലീസ് പുറത്തിറക്കിയിരുന്നു. കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിട്ടാൽ കച്ചവടം നടക്കില്ലെന്നും നിർദേശം പിൻവലിക്കണമെന്നുമാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.