ഇടുക്കി.വണ്ടിപെരിയാറിൽ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പോലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കോടതി. അന്വേഷണ ഉദ്യോഗസ്ഥന്റെയും പോലീസിന്റെയും വീഴ്ചകൾ അക്കമിട്ട് പറഞ്ഞാണ് കോടതിയുടെ വിമർശനം.
ആറു വയസ്സുകാരിയുടെ മരണം അറിഞ്ഞിട്ടും ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള സംഭവസ്ഥലത്തേക്ക് വണ്ടിപ്പെരിയാർ എസ് എച്ച് ഒ എത്തിയത് രണ്ടാം ദിവസമാണ്. അവിടെ തുടങ്ങുകയാണ് അന്വേഷണം ഉദ്യോഗസ്ഥന്റെയും പോലീസിന്റെയും വീഴ്ചകൾ. കുട്ടി തൂങ്ങി നിന്നിരുന്ന സ്ഥലത്തു നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ സുപ്രധാന ഘടകങ്ങളാണെങ്കിലും അന്വേഷണ രേഖകളിൽ അത് ഇടം പിടിച്ചില്ല. കൊലപാതകം നടന്ന മുറിയിൽ നിന്ന് വിരലടയാളം പോലും ശേഖരിച്ചില്ല. കുട്ടിയെ കെട്ടിത്തൂക്കിയ വസ്തു എടുത്ത അലമാര അന്വേഷണം ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല.
കൊലപാതകം നടന്ന റൂമിലെ തെളിവുകൾ അലക്ഷ്യമായി കൈകാര്യം ചെയതു. സുപ്രധാന തെളിവുകളായ തോർത്തും കത്തിയും ബെഡ്ഷീറ്റും സീ്ൽ ചെയ്ത് സൂക്ഷിച്ചില്ല. മാത്രമല്ല പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. തെളിവ് ശേഖരണത്തിൽ അടിമുടി അലംഭാവം, വിരലടയാളം ശേഖരിക്കാത്തതിൽ അന്വേഷണ ഉദ്യോഗസ്ഥന്റേത് ദുർബല ന്യായം. സംഭവസ്ഥലത്തു നിന്നും അദൃശ്യമായ ചാൻസ് വിരലടയാളം ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിരലടയാള വിദഗ്ധന്റെ സേവനം തേടിയില്ല. ചാൻസ് ഫിംഗർപ്രിന്റുകൾ ലഭിക്കാൻ സാധ്യതയില്ലെന്ന് വിരലടയാള വിദഗ്ധൻ പറഞ്ഞുവെന്ന ന്യായമാണ് അന്വേഷണ ഉദ്യോഗസ്ഥൻ നിരത്തിയത്. പ്രതിയെ വെറുതേവിട്ടതോടെ അസാധാരണ സംഭവങ്ഹളാണ് കോടതിമുറിയിലും പുറത്തും അരങ്ങേറിയത്. ഇരയായ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും പൊട്ടിത്തെറിച്ചു. നാട്ടുകാരുടെ കയ്യില്‍നിന്നും പ്രതിയെ രക്ഷിച്ച്ഓടിയാണ് പൊലീസ് സ്ഥലംവിട്ടത്.
അതേസമയം പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ പ്രതിഷേധം. കോൺഗ്രസും സിപിഐഎമ്മും, സിപിഐയും ബിജെപിയും വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകർ പോലീസിന് നേരെ തീപ്പന്തം എറിഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പ്രതിക്കനുകൂലമായി പോലീസ് ഇടപെട്ടു എന്നാണ് കോൺഗ്രസിന്റെ ആരോപണം. അതേസമയം യഥാർത്ഥ പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തിയത്.