പത്തനംതിട്ട:
ശബരിമലയിലെ പോലീസിന്റെ ഡ്യൂട്ടി ക്രമീകരണത്തിൽ ഇന്ന് മുതൽ മാറ്റം. ഓരോ ഘട്ടത്തിലെയും ഡ്യൂട്ടി കഴിയുമ്പോൾ ആ ഘട്ടത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരിൽ പകുതി പേരെ മാത്രമേ ആദ്യം പിൻവലിക്കാവൂ എന്ന് ഡിജിപി നിർദേശം നൽകി. ശബരിമലയിൽ ജോലി ചെയ്ത് പരിചയമുള്ള പോലീസുകാരുടെ അഭാവം തിരക്ക് വർധിപ്പിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം
അഞ്ച് ഘട്ടങ്ങളിലായാണ് എസ് പി റാങ്കിന് മുകലിലുള്ള പോലീസുകാർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്. നവംബർ 15 മുതൽ 30 വരെ, നവംബർ 30 മുതൽ ഡിസംബർ 14 വരെ, ഡിസംബർ 14 മുതൽ ഡിസംബർ 27 വരെ, ഡിസംബർ 27 മുതൽ ജനുവരി 10 വരെ. ജനുവരി 10 മുതൽ 20 വരെ. ആറ് ഘട്ടങ്ങളിലായാണ് ഇതിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി. ഒമ്പത് ദിവസം മുതൽ 13 ദിവസം വരെ സിവിൽ പോലീസ് ഓഫീസർമാർക്കും മുകളിലുള്ള ഉദ്യോഗസ്ഥർക്കും ജോലി ചെയ്യേണ്ടി വരും
ഒരു ഘട്ടത്തിലെ ഡ്യൂട്ടി കഴിയുമ്പോൾ ആ ഘട്ടത്തിലെ 50 ശതമാനം പേരെ വിട്ടയക്കണം. ബാക്കിയുള്ളവർ പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥർക്കൊപ്പം ജോലി ചെയ്യണം. ഇവർക്ക് ഡ്യൂട്ടി രീതികൾ മനസിലാക്കി കൊടുക്കണം. രണ്ട് ദിവസത്തിന് ശേഷം ബാക്കി 50 ശതമാനം ഡ്യൂട്ടിക്കായി എത്തുമ്പോൾ മുൻ ഘട്ടത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിട്ടയക്കണമെന്നും ഡിജിപി നിർദേശിച്ചു.