തിരുവനന്തപുരം: നവ കേരള സദസ്സിനായി സംസ്ഥാന പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി വീശിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിൻറെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പൊലീസ് ക്രിമിനലുകൾ ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് നോക്കിനിൽക്കെയാണ് പിണറായി വിജയന്റെ ഗൺമാനും അംഗരക്ഷകരും ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.
മുദ്രാവാക്യം വിളിച്ച രണ്ട് കെ.എസ്.യു നേതാക്കളെ ലോക്കൽ പൊലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകൾ അഴിഞ്ഞാടിയത്. പൊലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗൺമാൻമാരും. ഇതിൽ ഓരോരുത്തരുടേയും ക്രിമിനൽ പശ്ചാത്തലം ഞങ്ങൾക്ക് വ്യക്തമായി അറിയാം. കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുണ്ടായിസം കാണിച്ചാൽ അതേരീതിയിൽ പ്രതികരിക്കും. എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണം- വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ ആലപ്പുഴയിലും കരിങ്കൊടി. കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം വളഞ്ഞിട്ട് തല്ലിച്ചതച്ചു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് മർദ്ദനമേറ്റത്.