രാജ്യാന്തര ചലച്ചിത്രമേളക്ക് പ്രൗഡമായ സമാപനം

Advertisement

തിരുവനന്തപുരം. നടന്ന 28 -ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ജപ്പാനീസ് ചിത്രം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് സ്വന്തമാക്കി. പ്രേക്ഷക പ്രീതിയടക്കം രണ്ടു പുരസ്കാരങ്ങൾ മലയാള ചിത്രം തടവ് സ്വന്തമാക്കി.

വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത ജപ്പാനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിറ്റ് മേളയിലെ മികച്ച ചിത്രമായി. റുസ്യുകെ ഹാമാഗുച്ചിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച സംവിധായകനുള്ള രജതചകോരം സംവിധായകൻ ഷോക്കിർ ഖോലികോവ് സ്വന്തമാക്കി. വൃദ്ധ ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ സൺഡേ എന്ന ചിത്രത്തിനാണ് നേട്ടം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരവും സൺഡേക്ക് തന്നെയാണ്.

മലയാള ചിത്രമായ തടവ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രമായി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്ക്കാരം സ്വന്തമാക്കിയത് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം.

മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്പാനിഷ് സംവിധായകൻ ഫെലിപ്പേ കാർമോണോയുടെ പ്രിസൺ ഇൻ ദ ആൻഡസ് സ്വന്തമാക്കി. മികച്ച മലയാള നവാഗത സംവിധായകയായി ബി 32 മുതൽ 44 വരെയിലൂടെ ശ്രുതി ശരണ്യം നേടി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് ഉത്തം കാമാഠി അർഹനായി. സിനിമ രംഗത്ത് സംവിധായകർക്ക് നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.

Advertisement