വണ്ടിപ്പെരിയാർ പോക്‌സോ കേസ്: കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ

Advertisement

തിരുവനന്തപുരം:
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം. നാളെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ”മകളെ മാപ്പ്”എന്ന പേരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. പോക്‌സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ.
വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതി വിധി എല്ലാവരെയും ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ചെയ്തത് തെറ്റാണ്. പ്രാഥമിക തെളിവുകൾ പോലും ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ല. ലാഘവത്തോടെയാണ് പോലീസ് കേസ് കൈകാര്യം ചെയ്തത്. സിപിഎം പ്രാദേശിക, ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചതെന്നും സതീശൻ ആരോപിച്ചു.