വാർത്താനോട്ടം

Advertisement

2023 ഡിസംബർ 16 ശനി

🌴 കേരളീയം🌴

🙏മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവ കേരള സദസ് ബസിനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.

🙏ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെ വീടിനുനേരെ ആക്രമണം. കൈതവനയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ കരിങ്കൊടി കാണിച്ചതിനു പിറകേയാണ് ആക്രമണമുണ്ടായത്. ജോബിന്റെ ഭാര്യയെ തള്ളി താഴെയിട്ടു. വീടിന്റെ ചില്ലുകളും അകത്തുകയറി ഫര്‍ണീച്ചറുകള്‍ അടക്കമുള്ളവയും തകര്‍ത്തിട്ടുണ്ട്.

🙏മാവേലിക്കരയില്‍ ആറു വയസുകാരി മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അച്ഛന്‍ ശ്രീമഹേഷ് ട്രെയിനില്‍നിന്നു ചാടി ജീവനൊടുക്കി. വിചാരണക്കുശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനടുത്താണു പുറത്തേക്കു ചാടിയത്.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം രണ്ടിന് തൃശൂരില്‍ എത്തും. ബിജെപി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കും. രണ്ടു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെന്നു പരിപാടികള്‍ വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

🙏സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണറുടെ മാനസിക നില ജനത്തിന് അറിയാം. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല. വണ്ടിപ്പെരിയാറില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

🙏കൊല്ലം ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്ര മൈതാനത്തു തിങ്കളാഴ്ച നവകേരള സദസ് നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. ക്ഷേത്രമൈതാനം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

🙏കൊല്ലം കടക്കല്‍ ക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന നവ കേരള സദസ്സ് മറ്റൊരിടത്തേക്കു മാറ്റും. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ് നടത്തുന്നത് ഹൈക്കോടതി തടഞ്ഞതിനു പിറകേയാണ് തീരുമാനം. കടയ്ക്കല്‍ ക്ഷേത്രത്തില്‍ നവ കേരള സദസ്സിന് വേദി നിശ്ചയിച്ചതിനെതിരായ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം.

🙏മഞ്ചേരിയില്‍ തീര്‍ത്ഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്.

🙏കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരി ഹഫ്സത്ത് പൊലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനാലാണു കീഴടങ്ങിയത്. റിമാന്‍ഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളി.

🙏തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

🙏കൊല്ലത്ത് വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

🙏ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി കളഞ്ഞൂര്‍ പാടം സ്വദേശി ഫൈസല്‍ രാജ് (35) പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണവും പണവുമാണ് കോട്ടയം ചിങ്ങവനത്തെ ബാങ്കില്‍ നിന്ന് കവര്‍ന്നത്.

🙏മാവേലിക്കരയില്‍ ആംബുലന്‍സും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ രാത്രി എട്ടരയോടെയായിരുന്നു അപകടം. അതുവഴിയെത്തിയ റവന്യൂ മന്ത്രി കെ രാജന്‍ ഫയര്‍ ഫോഴ്സിനെയും പൊലീസിനെയും വിളിച്ചുവരുത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

🙏സിപിഎമ്മുകാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് 22 വര്‍ഷവും ആറു മാസവും കഠിനതടവ് ശിക്ഷ. 5,60,000 രൂപ പിഴയുമടക്കണം. പാലക്കാട് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

🙏ചലച്ചിത്ര മേളയുടെ സമാപന വേദിയില്‍ അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. പ്രസംഗത്തിനു ക്ഷണിച്ചപ്പോഴാണ് കൂവിയത്. ചലച്ചിത്ര ആക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് രഞ്ജിത്തിനെതിരെ പ്രതിഷേധം ഉയരാന്‍ കാരണം.

🇳🇪 ദേശീയം 🇳🇪

🙏തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ നടന്‍ പ്രകാശ് രാജിനെ തമിഴ്നാട് പൊലീസ് കുറ്റമുക്തനാക്കി. നിക്ഷേപ തട്ടിപ്പുമായി നടന് ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നാണ് വിശദീകരണം.

🙏പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിഷയത്തെക്കുറിച്ചു മിണ്ടാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. സഭയില്‍ വിശദീകരണം തരാത്ത അമിത് ഷാ ചില ചാനലുകളില്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🙏രാജസ്ഥാനില്‍ ബിജെപി നേതാവ് ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ദിയകുമാരിയും പ്രേംചന്ദ് ഭൈരവയും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

🇦🇺 അന്തർദേശീയം 🇦🇽

🙏2024 ലെ ഹജ്ജിന് ഇന്ത്യയില്‍നിന്ന് 1,75,025 തീര്‍ഥാടകര്‍ക്ക് അനുമതിയെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സൗദിയിലെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

🙏28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് നാടുകടത്തിയെന്നു കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് വെള്ളിയാഴ്ച ലോക് സഭയില്‍ ഇക്കാര്യം അറിയിച്ചത്.

🙏ഇറാനിലേക്കു പോകാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ ആവശ്യമില്ല. സൗദി ഉള്‍പ്പടെ 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്‍ ഇളവ് അനുവദിച്ചത്.

🙏സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വിവിധ നിയമപ്രശ്നങ്ങളില്‍പെട്ട 5,992 ഇന്ത്യന്‍ തൊഴിലാളികളെ ഈ വര്‍ഷം തിരിച്ചയച്ചെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലിടത്തുനിന്ന് ഒളിച്ചോടിയെന്ന് (ഹുറൂബ്) സ്പോണ്‍സര്‍മാര്‍ പ്രഖ്യാപിച്ച 3,092 പേരേയും താമസരേഖ (ഇഖാമ)യുടെ കാലാവധി കഴിഞ്ഞ 2,900 പേരേയുമാണു തിരിച്ചയച്ചത്.

🏏കായികം🏏

🙏ഹാര്‍ദിക് പാണ്ഡ്യ ഇനി മുംബൈ ഇന്ത്യന്‍സിനെ നയിക്കും. ഐപിഎല്‍ 2024 സീസണിന്റെ നായകനായി ഹാര്‍ദിക്കിനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഒരു പതിറ്റാണ്ടോളം മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാണ് പുതിയ നായകനെ പ്രഖ്യാപിച്ചത്. 2013-മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ടീമിനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

🙏തുര്‍ക്കിയിലെ അങ്കാറഗുചു ക്ലബ് മുന്‍ പ്രസിഡന്റ് ഫാറുക് കൊചയ്ക്ക് ആജീവനാന്ത വിലക്ക്. തുര്‍ക്കി സൂപ്പര്‍ ലീഗ് ഫുട്‌ബോളിനിടെ റഫറിയുടെ മുഖത്തിടിച്ച സംഭവത്തിലാണ് ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.

🙏അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ധരിച്ച ആറ് ജഴ്‌സികള്‍ 65 കോടി രൂപക്ക് ലേലത്തില്‍ വിറ്റു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് മെസിയുടെ ജഴ്സികള്‍ ഇത്രയും വലിയ വിലക്ക് വിറ്റത്.

Advertisement