2023 ഡിസംബർ 17 ഞായർ
🌴 കേരളീയം 🌴
🙏രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിനു കാരണം.
🙏നവ കേരള സദസിനിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെയും എസ്‌കോര്‍ട്ടിലുള്ള പൊലീസുകാരന്‍ സന്ദീപിന്റെയും വീടിനു പൊലീസ് കാവല്‍ ഏർപ്പെടുത്തി.
🙏സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും 20 നു രാവിലെ 11 ന് മാര്‍ച്ച് നടത്താന്‍ കെ പി സി സി തീരുമാനിച്ചു. നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടിയ കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പൊലീസിന്റെയും നടപടിക്കെതിരേയാണു മാര്‍ച്ച്.
🙏ശബരിമലയിലെത്തുന്ന കുട്ടികള്‍ക്കു പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. പതിനെട്ടാംപടി കടന്നെത്തുന്ന കുട്ടികളേയും രക്ഷിതാക്കളേയും ശ്രീകോവിലിനടുത്തുള്ള പ്രത്യേക ഗേറ്റിലൂടെ കടത്തിവിടുമെന്ന് അദ്ദേഹം പറഞ്ഞു.
🙏സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നടത്തുന്ന യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എല്‍ഇടി (സ്ലെറ്റ്) പരീക്ഷയും യോഗ്യതയാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. യുജിസി അംഗീകൃത സെറ്റ് പരീക്ഷകള്‍ കേരളത്തില്‍ നടത്താത്ത സാഹചര്യത്തിലാണു മുന്‍ ഉത്തരവ് പിന്‍വലിച്ചതെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
🙏എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍. കനത്ത സുരക്ഷയുമായി പോലീസ്. ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ യൂണിവേഴ്സിറ്റി കവാടത്തിനു പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു.
🙏കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖില്‍ തോമസിന് അടക്കം വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ നാലംഗ സംഘം ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരന്‍, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്ഡി, ദിവാകര്‍ റെഡ്ഡി എന്നിവരെയാണ് തമിഴ്നാട് പോലീസ് പിടികുടിയത്.
🙏ഗവര്‍ണറെ വഴി തടയുകയും താമസസ്ഥലത്ത് പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന എസ് എഫ് ഐ തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിക്കും നവ കേരള സദസിലും ഇതുപോലെയുള്ള പ്രതിഷേധം നേരിടേണ്ടി വരുമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.
🙏സമനില തെറ്റിയ രീതിയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
🙏കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ എത്തുംമുമ്പേ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിനു മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് അവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തുനീക്കി.
🙏രക്തസമ്മര്‍ദത്തിലെ വ്യതിയാനംമൂലം വനംമന്ത്രി എ.കെ ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🙏ലക്ഷങ്ങളുടെ വിദേശ കറന്‍സികളുമായി ഐഎന്‍എല്‍ നേതാവ് കാസര്‍കോട്ട് പിടിയിലായി. ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ് ആണ് 20 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായി അറസ്റ്റിലായത്.
🙏കഞ്ചിക്കോട് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി സെന്തില്‍കുമാര്‍ അറസ്റ്റിലായി.
🙏ചങ്ങനാശ്ശേരിയില്‍ മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടു പേര്‍ അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശി അഭിലാഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കളായ ജോസഫ് സേവ്യറും ഉണ്ണികൃഷ്ണ വാര്യരുമാണ് അറസ്റ്റിലായത്.
🙏ദുബൈ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
🇳🇪 ദേശീയം 🇳🇪
🙏പാര്‍ലമെന്റ് അതിക്രമത്തിനു കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പാര്‍ലമെന്റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും തൊഴിലില്ലായ്മ പോലുള്ള പ്രതിസന്ധിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
🙏പ്രമുഖ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ബംഗളൂരുവില്‍ ദമ്പതികള്‍ അടക്കം നാലു പേരെ പിടികൂടി. ഖലീം, ഭാര്യ സഭ, ഒബേദ് റാക്കീം, അതീഖ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
🙏മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അഴിച്ചുപണി. മുന്‍ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായിരുന്ന കമല്‍ നാഥിനെ മാറ്റി. ജിത്തു പട്വാരിയാണ് പുതിയ പി സി സി അധ്യക്ഷന്‍. പ്രതിപക്ഷ നേതാവായി ഉമംഗ് സിംഘറിനെയും തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിറകയാണ് നടപടി.
🙏അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനത്തിനു ക്ഷണം ഏഴായിരം പേര്‍ക്ക്. നാലായിരം സന്യാസിമാര്‍ക്കും മൂവായിരം വിശിഷ്ടാത്ഥികള്‍ക്കുമാണു ക്ഷണം. ജനുവരി 22 ന് ഉച്ചയ്ക്ക് 12:45 ന് രാമക്ഷേത്ര ശ്രീകോവിലില്‍ രാംലല്ല വിഗ്രഹം സ്ഥാപിക്കും. ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അതിഥികള്‍ മൊബൈല്‍ ഫോണുകളും ക്യാമറകളും ഗേറ്റിലെ കൗണ്ടറില്‍ സൂക്ഷിക്കണമെന്നു ക്ഷണക്കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
🇦🇺 അന്തർദേശീയം 🇦🇽
🙏ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹയില്‍ എത്തിയ ഒമാന്‍ സുല്‍ത്താനെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീകരിച്ചു. പ്രതിരോധം, ഊര്‍ജ്ജം, ബഹിരാകാശം തുടങ്ങി ഒമ്പതു മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഒമാനും തമ്മില്‍ ധാരണയായി.
🙏കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുവൈത്തിന്റെ പതിനാറാം അമീര്‍ ആയിരുന്നു അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ. 2020 ലാണ് ഇദ്ദേഹം ചുമതല ഏറ്റെടുത്തത്.
🏏കായികം🏏
🙏ഇംഗ്ലണ്ടിനെതിരായ വനിതകളുടെ ടെസ്റ്റില്‍ ഇന്ത്യക്ക് 347 റണ്‍സിന്റെ റെക്കോഡ് ജയം. രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത ദീപ്തി ശര്‍മയുടെ കരുത്തിലാണ് ഇന്ത്യന്‍ ജയം. വനിതകളുടെ ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
🙏വിജയ് ഹസാരെ ട്രോഫി ഹരിയാണയ്ക്ക് ഫൈനലില്‍ രാജസ്ഥാനെ 30 റണ്‍സിന് തോല്‍പിച്ചാണ് ഹരിയാണ കന്നിക്കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാണ 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 48 ഓവറില്‍ 257 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സി.യെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ബെംഗളൂരു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സി. – ഈസ്റ്റ് ബംഗാള്‍ എഫ്.സി. മത്സരം ഗോള്‍ രഹിത സമനിലയില്‍.