നരഭോജി കടുവയെ പിടികൂടാൻ കൂടുതൽ വനംവകുപ്പ് സംഘങ്ങളെ വിന്യസിക്കാൻ തീരുമാനം

Advertisement

വയനാട് വാകേരിയയിലെ നരഭോജി കടുവയെ പിടികൂടാൻ ഒരാഴ്ച ആയിട്ടും സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ വനംവകുപ്പ് സംഘങ്ങളെ സമീപ ജില്ലകളിൽ നിന്ന് വിന്യസിക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
എംഎൽഎ ഐ.സി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വാകേരിയിൽ നടന്ന യോഗത്തിൽ ആണ് തീരുമാനം. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം അടുത്ത ദിവസം ദൗത്യത്തിന്റെ ഭാഗമാകും. കടുവാ ഭീതിയിൽ മുടങ്ങിക്കിടക്കുന്ന കാപ്പിത്തോട്ടങ്ങളിലെ ജോലികൾക്ക് ആവശ്യമെങ്കിൽ വനംവകുപ്പ് സംരക്ഷണം നൽകും. പ്രദേശത്തെ വിദ്യാർഥികളുടെ യാത്രകൾക്ക് പൊലീസും വനംവകുപ്പും സൗകര്യം ഒരുക്കും. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തലത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ദൗത്യത്തിന്റെ മേൽനോട്ടം ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടല്ലൂരിൽ നാലാമത്തെ കൂട് സ്ഥാപിച്ചു.

Advertisement