സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി

Advertisement

സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസില്‍ സൗദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.
മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് പള്ളിക്കല്‍ ബസാര്‍ സ്വദേശി പുതിയകത്ത് ഷമീലിനെതിരെയാണ് സൗദി പൗരന്റെ പരാതി. തന്നില്‍ നിന്നു വാങ്ങിയ 1,25,43,400 സൗദി റിയാല്‍, അഥവാ ഇരുപത്തിയെഴേ മുക്കാല്‍ കോടിയോളം രൂപ തിരിച്ചു തരാതെ ശമീല്‍ സൗദിയില്‍ നിന്ന് മുങ്ങിയതായി ഇബ്രാഹിം മുഹമ്മദ് അല്‍ ഒത്തയ്ബി ജിദ്ദയില്‍ പറഞ്ഞു. സൗദിയില്‍ ശമീല്‍ നടത്തി വന്നിരുന്ന ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു പണം വാങ്ങിയത്. കേസില്‍ ഇബ്രാഹിമിന് അനുകൂലമായി സൗദി കോടതിയുടെ വിധിയുണ്ടായിട്ടും ശമീല്‍ സൗദി വിട്ടതിനാല്‍ ഇതുവരെ പണം തിരിച്ചു കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഓഫീസിലും, വിദേശ കാര്യ മന്ത്രാലയത്തിലും, ഇന്ത്യന്‍ കോണ്‍സുലേറ്റിലുമെല്ലാം പരാതി നല്‍കിയിട്ടുണ്ട് എന്ന് ഇബ്രാഹിം പറഞ്ഞു.

Advertisement