ഗവര്‍ണറും എസ്എഫ്ഐയും തമ്മിലുള്ള പോരാട്ടം പാരമ്യത്തില്‍ , ഇനിയെന്ത്

Advertisement

കോഴിക്കോട്. ഗവര്‍ണറും എസ്എഫ്ഐയും തമ്മിലുള്ള പോരാട്ടം പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ഇനിയെന്ത് എന്ന ആശങ്ക തുടരുന്നു. ഗവർണർക്കെതിരെയുള്ള കറുത്ത ബാനറുകൾ നീക്കം ചെയ്യാനുള്ള രാജ്ഭവൻ നിർദേശം നിരസിച്ച കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. വൈസ് ചാൻസിലറെ വിളിച്ചു വരുത്തിയ ഗവർണർ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എസ് എഫ് ഐ യ്ക്കെതിരെ ഗവർണർ പരസ്യമായി രംഗത്തിറങ്ങിയതോടെ കാലിക്കറ്റ് സർവകലാശാല ഇന്നും സംഘർഷഭരിതമാകും. ഉച്ചയ്ക്ക് നടക്കുന്ന സെമിനാറിൽ ഗവർണർ പങ്കെടുക്കുന്നതിന് മുൻപ് തന്നെ ഗസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്താനാണ് എസ് എഫ് ഐ തീരുമാനം . സുരക്ഷ കണക്കിലെടുത്ത് രണ്ടായിരം പോലീസുകാരെയാണ് സർവകലാശാലയിലും പരിസരത്തും വിന്യസിച്ചിട്ടുള്ളത്.

കാലിക്കറ്റ് സർവകലാശാലയിലെ ഇ എം എസ് സെമിനാർ കോംപ്ലക്സിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഗവർണറുടെ ഇന്നത്തെ ഔദ്യോഗിക പരിപാടി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പിന്തുണയോടെ കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മപീഠം ചെയറാണ് പരിപാടിയുടെ സംഘടകർ. സർവകലാശാലകളെ കാവിവത്കരിക്കുന്നു, എന്ന എസ് എഫ് ഐ ആരോപണം നിലനിൽക്കെയാണ് ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന സെമിനാറിൽ ഗവർണർ പങ്കെടുക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് പാസ് മുഖേനയാണ് സെമിനാർ ഹാളിലേക്കുള്ള പ്രവേശനം.
എസ് എഫ് ഐ ക്യാമ്പസിൽ ഉയർത്തിയ ഗവർണർക്കെതിരെയുള്ള കറുത്ത ബാനറുകൾ നീക്കം ചെയ്തത് പ്രവർത്തകരെ പ്രകോപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കൂടുതൽ ബാനറുകൾ ക്യാമ്പസിൽ ഉയർത്തിയിരുന്നു. ബാനറുകൾ നീക്കാനുള്ള രാജ്ഭവൻ നിർദ്ദേശം അവഗണിച്ച സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഇന്ന് നടപടിയ്ക്കും സാധ്യതയുണ്ട്. സംഭവത്തിൽ വൈസ് ചാൻസിലറെയും രജിസ്ട്രാറെയും വിളിച്ചു വരുത്തിയ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രണ്ടായിരം പോലീസുകാരെയാണ് ഇന്ന് സർവകലാശാലയ്ക്ക് അകത്തും പുറത്തുമായി വിന്യസിച്ചിരിക്കുന്നത്.

Advertisement