കൽപറ്റ: സുൽത്താൻ ബത്തേരിയിൽ കർഷകനായ പ്രജീഷ് എന്ന യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവയെ വെടി വെച്ച് കൊല്ലണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച് നാട്ടുകാർ. വനംവകുപ്പിന് എതിരെ മുദ്രാവാക്യം വിളിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.
കർഷകനെ കൊലപ്പെടുത്തി പത്താം ദിവസമാണ് നരഭോജി കടുവ കൂട്ടിലാകുന്നത്. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്തുവെച്ച കെണിയിലാണ് കടുവ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കോളനിക്കവലക്ക് അടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെയാണ് ദൗത്യ സംഘം കടുവയെ പിടികൂടാനായി അഞ്ചാം കൂട് സ്ഥാപിച്ചത്.
വാകേരി കല്ലൂര്‍ക്കുന്ന് ഞാറ്റടി വാകയില്‍ സന്തോഷിന്റെ വീട്ടിലെ ഗര്‍ഭിണിയായ പശുവിനെയും കഴിഞ്ഞ ദിവസം രാത്രി കടുവ ആക്രമിച്ച് കൊന്നിരുന്നു. എൺപതംഗ സംഘം നാല് ടീമുകളായി തിരിഞ്ഞാണ് കടുവക്കായി പരിശോധന നടത്തിയിരുന്നത്. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളെയും ദൗത്യത്തിനായി എത്തിച്ചിരുന്നു.
ഡിസംബർ ഒൻപതിന് രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകിട്ട് പാൽ വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്ന് ദൗത്യ സംഘം കണ്ടെത്തിയിരുന്നു. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം വയനാട്ടിൽ രണ്ട് മനുഷ്യ ജീവനുകൾ കടുവയെടുത്തത്.