കനത്തമഴയിൽ ജലനിരപ്പ് കുതിച്ചുയർന്നു, മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനം; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

Advertisement

ഇടുക്കി: ഇടുക്കി ജില്ലയിലും ജില്ലയോട് ചേർന്നുള്ള തമിഴ്നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം. അതിശക്ത മഴയിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെയാണ് മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ 10 മണിക്ക് ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്. സെക്കന്റിൽ 10000 ഘനയടി വെള്ളം വരെ തുറന്നു വിടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയായി ഉയർന്നിരുന്നു. 142 അടിയാണ് പരമാവധി സംഭരണ ശേഷി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് വലിയ തോതിലാണ് ഉയരുന്നത്. ഏറ്റവും ഒടുവിൽ ലഭിച്ച വിവരപ്രകാരം വൈകിട്ട് 4 മണിയോടെ മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയായിട്ടുണ്ട്. ഇതോടെ ഡാം തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പും തമിഴ്നാട് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

തെക്കൻ തമിഴ്നാട്ടിലടക്കം അതിതീവ്ര മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻ ഡി ആർ എഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട്ടിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. മാഞ്ചോലൈ മലയിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകരം മന്ത്രിമാർ ജില്ലകളിലെത്തി ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.

Advertisement