വയനാട് വാകേരിയില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കൂട്ടിലായ നരഭോജി കടുവയെ വെടിവച്ചുകൊല്ലണമെന്നും കാട്ടിലേക്ക് തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയും വാകേരിയിലെ കൂടല്ലൂരില്‍ നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധം മണിക്കൂറുകള്‍ പിന്നിട്ടു. ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധം തുടങ്ങിയത്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധിക്കുന്നുണ്ട്. കൂട്ടിലായ കടുവയെ കൊണ്ടുപോകുന്ന വനംവകുപ്പിന്റെ വാഹന വ്യൂഹം തടഞ്ഞുകൊണ്ട് കുത്തിയിരുന്നുള്ള പ്രതിഷേധമാണ് തുടരുന്നത്. മാനന്തവാടി സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് സ്ഥലത്തെത്തിയിട്ടുണ്ട്. മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ പ്രജീഷിനെ കടുവ കടിച്ചുകൊന്ന സംഭവം നടന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലായത്.