തിരുവനന്തപുരം. തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഗവർണറുടെ അടുത്ത നീക്കം എന്ത്. കേരളം ആകാംഷയോടെയാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ചടുല നീക്കങ്ങള്‍ കാത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവർണർ – എസ്എഫ്ഐ പോരിന് പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് എത്തിയത്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തന്നോട് പോരടിച്ച എസ്എഫ്ഐ നേതാക്കളില്‍ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സംബന്ധിച്ച് ചില ശുപാര്‍ശകള്‍ക്ക് സ്കോപ്പുള്ളതായി സൂചനയുണ്ട്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ടു നല്‍കുമെന്നതിന് എസ്എഫ്ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിന് തുല്യമായ വിലയേ നിരീക്ഷകര്‍ കാണുന്നുള്ളൂ. എന്നാല്‍ കേരള സര്‍ക്കാരിന്‍റെ ഇത്തരം നീക്കം ഗവര്‍ണറെ ചടുലപ്രയോഗങ്ങളില്‍ നിന്ന് വിലക്കിയേക്കാം എന്ന പ്രതീക്ഷ ഇടതു നേതാക്കള്‍ക്കുണ്ട്. എന്തെങ്കിലും പിന്‍ബലം കാണാതെ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഇത്തരത്തില്‍ വെട്ടിത്തുറന്ന് സംസാരിക്കുമോ എന്നതുമാത്രമാണ് ഇടതുഭാഗത്തെ ആശങ്ക. അതുവരും ദിവസങ്ങളില്‍ കാണാം.
വിസിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രാജ്ഭവന്റെ ഭാഗത്തുനിന്നുള്ള നടപടി ഉണ്ടാകും. ഗവർണർ അടുത്ത രണ്ട് ദിവസവും രാജ്ഭവനിൽ തന്നെ ഉണ്ടാകും. ചില ചികിത്സാ ആവശ്യങ്ങൾ മാത്രമാണ് ഗവർണർ അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ഗവർണർ സംസ്ഥാനത്തെ സംഭവവികാസങ്ങൾ രാഷ്ട്രപതിയെ അറിയിച്ചേക്കും. സർക്കാരും ഗവർണർക്കെതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്എഫ്ഐയുടെ നീക്കങ്ങളും നിർണായകമാണ്. ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് എസ്എഫ്ഐയുടെ തീരുമാനം.