കൊലപാതകം മുതൽ മോഷണവും പീഡനവും വരെ; നിരവധി കേസുകളിൽ പ്രതിയായ 26കാരനെ ‘കാപ്പ’ ചുമത്തി ജയിലിലടച്ചു

Advertisement

കോഴിക്കോട്: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വാവാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വാവാട് മൊട്ടമ്മൽ സിറാജുദ്ദീൻ തങ്ങളെയാണ് (26) ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

കൊടുവള്ളി എസ്‌ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തിങ്കാളാഴ്ച രാത്രി 11.30 ഓടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ അറ്‌സറ്റ് ചെയ്തത്.

2018 ൽ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിൽ പ്രതിയാണ്. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടന്ന അന്വേഷണത്തിൽ രണ്ട് പ്രതികളിലൊരാൾ സിറാജുദ്ദീനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുമ്പ് കോഴിക്കോട് നഗരത്തിൽ ഒരേ ദിവസം രാത്രി നടന്ന മൂന്ന് കവർച്ചാ സംഭവത്തിൽ കസബ, ടൗൺ സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലും ഇയാൾ അറസ്റ്റിലായിരുന്നു.

2022ൽ കാക്കൂർ പൊലിസ് പരിധിയിലുണ്ടായ അടിപിടി കേസ്, 2015ൽ ഫറോക്ക് സ്‌റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസ്, 2018ൽ കസബ കേസ് പരിധിയിലെ കവർച്ചാ കേസ്, ചെമ്മങ്ങാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്, താമരശ്ശേരിയിലെ പ്രകൃതി പിരുദ്ധ പീഡനത്തിലെ പോക്‌സോ കേസ്, 2021ൽ വൈത്തിരി പോക്‌സോ കേസ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 18-ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.

വൈത്തിരി പോക്‌സോ കേസിൽ അറസ്റ്റിലായ സമയത്ത് സ്‌റ്റേഷൻ അടിച്ചു തകർത്തതിനും ഇയാൾക്കെതിരെ കേസുണ്ട്. കൊടുവള്ളി എസ്എച്ച്ഒ, എസ്പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ ഇയാളെ കാപ്പ ചുമത്തി ജയിലിലടക്കാൻ ഉത്തരവിട്ടത്.