ശബരിമല. ശബരിമലയിൽ വൻ തിരക്കിനെത്തുടര്‍ന്ന് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94452 പേർ.10 ദിവസത്തിനിടെ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെ. നിലക്കലിലും ഇടത്താവളങ്ങളിലും വാഹനനിയന്ത്രണം നടത്തുന്നുണ്ട്. പമ്പയിൽ തീർത്ഥാടകർ നിറഞ്ഞു.
സന്നിധാനം മുതൽ അപ്പാച്ചിമേട് വരെ തീർത്ഥാടകരുടെ നിരയുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്തുമണിക്കൂറിലേറെ സമയം വേണ്ടി വരുന്നു.
ഇന്ന് തൊണ്ണൂറായിരം പേരാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിരിക്കുന്നത്. അതേ സമയം മണ്ഡല പൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ പൊലീസ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
ഇന്നലെ ആരംഭിച്ച ഭക്ത ജന പ്രവാഹം ഇപ്പോഴും തുടരുകയാണ്. അപ്പാച്ചി മേട് വരെയാണ് ക്യൂ. പമ്പയിൽ ഭക്തരെ നിയന്ത്രിച്ച ശേഷമാണ് കടത്തിവിടുന്നത്. നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. മണിക്കൂറിൽ നാലായിരത്തി അഞ്ഞൂറ് വരെ ആളുകൾ പതിനെട്ടാം പടി ചവിട്ടുന്നുണ്ട്. 30 ശതമാനം സ്ത്രീകളും കുട്ടികളും ആയതിനാൽ കൂടുതൽ ആളുകളെ പടി കയറ്റുന്നതിൽ പരിമിതി ഉണ്ട്. നെയ്യഭിഷേകം കഴിഞ്ഞ ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നില്ല. തിരക്ക് നിയന്ത്രിക്കാൻ 100 പൊലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിച്ചു. നിലവിലുള്ള 2500 പൊലീസുകാർക് പുറമെ ആണിത്.
750 പൊലീസ് ഉദ്യോഗസ്ഥരുട ഡ്യൂട്ടി ഇന്നലെ അവസാനിക്കുകയും പകരം പുതിയ ആളുകൾ ചുമതല ഏൽക്കുകയും ചെയ്തു. നിലവിലുള്ള പരിചയ സമ്പന്നരായ ഉദ്യോഗസ്ഥർക്കൊപ്പമാണ് ഇവർ ജോലി ചെയ്യുന്നത്. അതിനാൽ പരിചയക്കുറവ് പ്രതിസന്ധി ആകില്ലെന്നാണ് വിലയിരുത്തൽ.