5 വര്‍ഷത്തിനുള്ളിൽ ഇന്ത്യൻ റോഡുകൾ യുഎസ് നിലവാരത്തിലാവുമെന്ന് നിതിൻ ഗഡ്കരി; 30 അതിർത്തി റോഡുകളിൽ വിമാനമിറങ്ങും

Advertisement

തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ദേശീയപാതകളെ യുഎസ് റോഡുകളോട് കിടപിടിക്കുന്നവയാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ രാജ്യത്തെ മെട്രോ നഗരങ്ങളിലെ തിരക്ക്, യാത്രാസമയം, റോഡപകടങ്ങള്‍ എന്നിവ കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ സ്വപ്ന പദ്ധതിയെക്കുറിച്ചു വിശദീകരിച്ചത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് 50 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികള്‍ക്കാണ് ഗതാഗതമന്ത്രാലയം അനുമതി നല്‍കിയത്. ഇതിനു പുറമേ നിലവിലുള്ള നയങ്ങള്‍ മെച്ചപ്പെടുത്തി കരാറുകള്‍ നല്‍കുന്നതിലെ സങ്കീര്‍ണതകള്‍ ലളിതമാക്കി. ‘ഒരു കരാറുകാരനും എന്‍റെ അടുക്കല്‍ വരേണ്ടതില്ല. സുതാര്യവും സമയബന്ധിതവുമായാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. മന്ത്രാലയം, കരാറുകാര്‍, ബാങ്കുകള്‍ എന്നിവ ഒരു കുടുംബമാണ്. മികച്ച ജോലിയെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് അടിസ്ഥാന സൗകര്യവികസനത്തില്‍ ഗതാഗതമന്ത്രാലയത്തിന് ഏഴ് ലോക റെക്കോര്‍ഡുകളുള്ളത്. ഇതൊരു വലിയ നേട്ടമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റോഡുകള്‍ യുഎസ് നിലവാരത്തിലെത്തും’ ഗഡ്കരി പറഞ്ഞു.

രാജ്യത്ത് 30 അതിര്‍ത്തി റോഡുകള്‍ പോര്‍വിമാനങ്ങള്‍ ഇറങ്ങാന്‍ തക്കവണ്ണമാണ് തയാറാക്കിയിരിക്കുന്നത്. 670 ഇടങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും ഇറങ്ങാന്‍ സൗകര്യമൊരുക്കും. റോഡപകടങ്ങള്‍ പകുതിയാക്കാനുള്ള ശ്രമം മാത്രം ഫലം കണ്ടിട്ടില്ലെന്ന് നിതിന്‍ ഗഡ്കരി സമ്മതിച്ചു. എല്ലാ വര്‍ഷവും അഞ്ച് ലക്ഷം റോഡപകടങ്ങളില്‍ ഒന്നരലക്ഷം പേര്‍ മരിക്കുന്നു. രാജ്യത്തിന്‍റെ ജിഡിപിയില്‍ മൂന്ന് ശതമാനത്തിന്‍റെ കുറവാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.