കൊല്ലം: പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്ട്‌സും പ്രവാസി ക്ഷേമനിധി ബോര്‍ഡും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അനുകരണീയ മാതൃകകളാണ്.
കഴിഞ്ഞ ഏഴു വര്‍ഷക്കാലത്ത് പ്രവാസി വകുപ്പിനുള്ള ബജറ്റ് നീക്കിയിരുപ്പില്‍ അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായത്. പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് പ്രാതിനിധ്യമുള്ള ലോക കേരള സഭ നാം സൃഷ്ടിച്ച പ്രധാന മാതൃകയാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക അവയ്ക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഡിജിറ്റല്‍ ഡേറ്റ പ്ലാറ്റ്‌ഫോം വേണം എന്നതായിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് നിര്‍മ്മിക്കുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പ്രവാസികളുടെ കൃത്യമായ ഡേറ്റ ശേഖരണത്തിനായി കേരള മൈഗ്രേഷന്‍ സര്‍വേയുടെ പുതിയ റൗണ്ട് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും വിധം 20000 പ്രവാസി കുടുംബങ്ങളുടെ വിവരശേഖരണമാണ് പുതിയ സര്‍വ്വേ വഴി ഉദ്ദേശിക്കുന്നത്.
പ്രവാസികള്‍ ഉന്നയിച്ച മറ്റൊരു വിഷയമായിരുന്നു റവന്യൂ അനുബന്ധ പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. കഴിഞ്ഞ മേയ് 17നു റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവാസികളുടെ റവന്യൂ പരാതികള്‍ സ്വീകരിക്കാന്‍ ‘പ്രവാസി മിത്രം’ എന്ന പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തിയവര്‍ക്ക് നോര്‍ക്കയുടെ പുനരധിവാസ പദ്ധതിയായ എന്‍ഡിപിആര്‍ഇഎം മുഖേന സഹായങ്ങള്‍ നല്‍കുന്നു. 19 ധനകാര്യ സ്ഥാപനങ്ങള്‍ വഴി മൂന്നു ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയുള്ള, സബ്‌സിഡിയോടു കൂടിയ ലോണുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനോടകം 6600ല്‍ അധികം സംരംഭങ്ങളാണ് ഈ പദ്ധതി മുഖേന ആരംഭിച്ചിട്ടുള്ളത്.
കൊവിഡ് സമയത്ത് തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിയായ ‘പ്രവാസി ഭദ്രതയ്ക്ക്’ വലിയ സ്വീകാര്യത ലഭിച്ചു. സര്‍ക്കാര്‍ ഈ പദ്ധതി തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കൊണ്ട് മാത്രം അതിലൂടെ 15000ത്തോളം സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞു. ശാരീരികവും സാമ്പത്തികവുമായ അവശതകള്‍ നേരിടുന്ന തിരികെയെത്തിയ പ്രവാസികള്‍ക്കായി നടപ്പാക്കി വരുന്ന സമാശ്വാസ പദ്ധതിയായ സാന്ത്വനയിലൂടെ 25969 ല്‍ പരം പ്രവാസികള്‍ക്ക് 160. 64 കോടി രൂപയുടെ ധനസഹായം നല്‍കി.
നിയമാനുസൃതവും സുതാര്യവും സുരക്ഷിതവുമായ കുടിയേറ്റം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി ഗള്‍ഫ് മേഖലയ്ക്ക് പുറമേ യൂറോപിലേക്കും, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നോര്‍ക്കാ റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന ആദ്യ ഘട്ടത്തില്‍ 200 ഓളം നഴ്‌സുമാരെ തിരഞ്ഞെടുത്തു. ഈ പദ്ധതി പ്രകാരം യുകെയിലും ജര്‍മനിയിലും ഇതിനോടകം ഇരുനൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞു. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് ഉടന്‍ ആരംഭിക്കും. കാനഡയിലേയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതിനായി കൊച്ചിയില്‍ അഭിമുഖം നടന്നു വരികയാണ്. ഫിന്‍ലന്‍ഡിലേക്ക് ആരോഗ്യമേഖല, അക്കൗണ്ടിംഗ്, കിണ്ടര്‍ ഗാര്‍ട്ടന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും ജപ്പാനിലേക്ക് തെരഞ്ഞെടുത്ത 14 തൊഴില്‍ മേഖലകളിലേക്കും കേരളത്തില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് വഴി ബി.പി.എല്‍ വിഭാഗത്തിനും, എസ്.സി, എസ്.ടി വിഭാഗത്തിനും സൗജന്യമായി വിദേശ ഭാഷകളില്‍ പരിശീലനം നല്‍കുന്നു. മറ്റ് പൊതു വിഭാഗത്തിലുള്ളവര്‍ക്ക് 75 ശതമാനം ഫീസ് ഇളവില്‍ പരിശീലനം സാധ്യമാകും. തൊഴില്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ ഉയര്‍ത്തും. നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെന്റര്‍ ഉടന്‍ കോഴിക്കോട് പ്രവര്‍ത്തനസജ്ജമാക്കും. പ്രവാസി കേരളീയരുടെ മക്കള്‍ക്കായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പും ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി.
അടിയന്തര ഘട്ടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും വിവിധ മിഷനുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ലിബിയ, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, മണിപ്പൂര്‍ ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഉക്രൈന്‍ യുദ്ധവേളയില്‍ ലോക കേരള സഭാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏകോപനത്തോടെയാണ് നോര്‍ക്ക ഇടപെടലുകള്‍ ഫലപ്രദമായി നടപ്പിലാക്കിയത്.
അടിയന്തരഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് സഹായകരമാകുന്ന ഐഡി കാര്‍ഡ് സേവനങ്ങള്‍, പ്രവാസി സുരക്ഷ ഇന്‍ഷുറന്‍സ്, വിവിധതരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം വിമാനത്താവളങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി വീടുകളില്‍ എത്തിക്കാനുള്ള സൗജന്യ ആംബുലന്‍സ് സേവനം, നിയമ പ്രശ്‌നങ്ങളില്‍ പെട്ട് വിദേശ ജയിലുകളില്‍ കഴിയുന്നവരെ സഹായിക്കുന്ന സൗജന്യ നിയമ സഹായ സെല്ലുകള്‍ തുടങ്ങിയ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. വിദേശത്തേക്കുള്ള നിയമവിരുദ്ധമായി റിക്രൂട്ട്‌മെന്റുകള്‍, വിസ തട്ടിപ്പുകള്‍, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെ കേരള പൊലീസും, നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സും സംയുക്തമായി ഇടപെടുകയാണ്.
പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി നാടിന്റെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡന്റ് പദ്ധതി’. പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞു.