നവകേരള സദസ് തലസ്ഥാനത്ത്;കനത്ത സുരക്ഷ ഒരുക്കി പോലീസ്

Advertisement

തിരുവനന്തപുരം: നവകേരള സദസ്സ് തലസ്ഥാന ജില്ലയില്‍ ഇന്ന് രണ്ടാം ദിനത്തിലെ പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയില്‍ ആദ്യ സദസ്സ് നടത്തിയിരുന്നു.
13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസം തലസ്ഥാന ജില്ലയില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും പര്യടനം നടത്തും. ഇന്ന് രാവിലെ ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്‍വെൻഷൻ സെന്ററില്‍ വച്ചാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും നടക്കുക. ചിറയൻകീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. മൂന്നാം നാള്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പോളിടെക്നിക്കില്‍ ഒരുക്കിയിട്ടുള്ള വേദിയിലാകും നവകേരള സദസ്സിന് തിരശ്ശീല വീഴുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ആകെ ഒരുക്കിയിരിക്കുന്നത്.
വർക്കലയിലെ ആദ്യ നവകേരള സദസ്സില്‍ പ്രതിപക്ഷത്തെ അതി രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വെല്ലുവിളിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍ എന്നും പരിഹാസിച്ചിരുന്നു. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്‍റെ മറുപടി. തനിക്ക് സതീശന്‍റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെ പി സി സി പ്രസിഡന്‍റ് സുധാകരനോട് ചോദിച്ചാല്‍ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. തോക്കിനേയും ഗുണ്ടകളെയും ഇക്കാലയളവില്‍ നേരിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വര്‍ക്കലയിലെ യോഗത്തില്‍ പറഞ്ഞിരുന്നു.