തിരുവനന്തപുരം. ഡിജിപി ഓഫീസിലേക്ക്ഇന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ച്. നവ കേരള സദസിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. അതിനിടെ യൂത്ത് കോൺഗ്രസ് സമരത്തിലെ നഷ്ടം രണ്ടരലക്ഷമെന്നു പോലീസ് കണക്ക്.
പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് പ്രതിഷേധത്തെ അടിച്ചൊതുക്കുന്നു എന്നാണ് കെഎസ്‌യുവിന്റെ ആരോപണം. ഇന്നലെ ഇതേ മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് തെരുവ് യുദ്ധമായി മാറിയിരുന്നു. മണിക്കൂറുകളോളം തലസ്ഥാന നഗരത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലെ തുടർച്ചയാവും ഇന്നത്തെ സമരം. അവരുടെ ഇന്നലെ നടന്ന സമരത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ഉൾപ്പെടെ കേസെടുത്തത് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കും. ഇതേ വിഷയമുന്നയിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത ഡിജിപി ഓഫീസ് മാർച്ച് 23ന് നടക്കും.
അതിനിടെ യൂത്ത് കോൺഗ്രസ് സമരത്തിലെ നഷ്ടം രണ്ടരലക്ഷമെന്നു പോലീസ് കണക്ക്.രണ്ടരലക്ഷം രൂപയുടെ പൊലീസ് മുതൽ നശിപ്പിച്ചതായിട്ടാണ് കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്.
നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്ക് ആണ്. ഇതിൽ പിങ്ക് പൊലീസിന്റെ വാഹനവും ഉൾപ്പെടും. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്കും നാശനഷ്ടമുണ്ട്. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ് എടുത്തത്