സംഘികയറേണ്ട, സെനറ്റില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ എസ്എഫ്ഐ തടഞ്ഞു,സംഘര്‍ഷം അറസ്റ്റ്,യോഗം

Advertisement

കോഴിക്കോട്.കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനിടെ വ്യാപക സംഘർഷം. ചാൻസിലർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്ന് എസ് എഫ് ഐ നിലപാട് എടുത്തതോടെയാണ് സർവകലാശാല സെനറ്റ് ഹൗസ് പരിസരം സംഘർഷ ഭരിതമായത്. യോഗത്തിനെത്തിയ പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള എട്ട് സെനറ്റ് അംഗങ്ങളെ എസ് എഫ് ഐ അകത്ത് കയറ്റിയില്ല. സെനറ്റ് ഹൗസ് വാതിലുകൾക്ക് മുന്നിൽ പ്രതിഷേധിച്ച നൂറോളം എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സെനറ്റ് ഹാളിൽ വൈസ് ചാൻസിലാറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതി ഉയർന്നു.

കാലിക്കറ്റ് സർവകലാശാല സെനറ്റ് ഹൗസിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സെനറ്റ് യോഗം. എട്ട് മണിയോട് കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള എട്ട് സെനറ്റ് അംഗങ്ങൾ യോഗ സ്ഥലത്ത് എത്തി. അതിന് മുന്നേ സംഘപരിവാർ അനുകൂലികളെ സെനറ്റ് ഹാളിന് ഉള്ളിലേക്കു പ്രവേശിപ്പിക്കില്ലെന്ന നിലപാടുമായി സെനറ്റ് ഹൗസിൽ എസ് എഫ് ഐ പ്രതിഷേധം ആരംഭിച്ചിരുന്നു.

ഗെയിറ്റിന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച സെനറ്റ് അംഗങ്ങളെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞു.സെനറ്റ് യോഗം കഴിയുന്നതിന് പത്ത് മിനിറ്റ് മുൻപ് എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസും എസ് എഫ് ഐയും ഒത്തുകളിച്ചാണ് സെനറ്റ് ഹാളിന് ഉള്ളിലേക്ക് തങ്ങളെ പ്രവേശിപ്പിക്കാതിരുന്നതെന്ന് പുറത്ത് നിർത്തപ്പെട്ട സെനറ്റ് അംഗങ്ങൾ ആരോപിച്ചു. ഇതിനിടെ ഉള്ളില്‍ ഇടത് അനുകൂലികള്‍ യോഗം നടത്തി.

യോഗത്തിലെ അജണ്ടയെ ചൊല്ലി സെനറ്റ് ഹാളിൽ ഇടത് – യുഡിഎഫ് അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
എസ് എഫ് ഐ സമരത്തിനെതിരെ എം എസ് എഫ് സെനറ്റ് അംഗങ്ങളും രംഗത്തെത്തി. പ്രതിഷേധം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ വിവരം നൽകിയെന്ന് വൈസ് ചാൻസിലർ ഡോ. എം കെ ജയരാജും വ്യക്തമാക്കി.

വരുന്ന സെനറ്റ് യോഗത്തിലും പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.