പെന്‍ഷന്‍ തുകയായ 1600 രൂപ സര്‍ക്കാരിനു വലിയ കാര്യമായിരിക്കില്ല….മറിയക്കുട്ടിയെ സംബന്ധിച്ച് അതു വലിയ തുകയാണ്: കോടതി

Advertisement

അടിമാലി പഞ്ചായത്തിലെ എഴുപത്തെട്ടുകാരിയായ മറിയക്കുട്ടി വിധവാ പെന്‍ഷന്‍ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
പണമില്ലാത്തതിനാല്‍ ആഘോഷങ്ങളൊന്നും മുടങ്ങുന്നില്ലല്ലോ എന്ന് വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നാളെ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് അടിമാലി ടൗണില്‍ യാചനാ സമരം നടത്തി മറിയക്കുട്ടിയും ഒപ്പമുണ്ടായിരുന്ന അന്നക്കുട്ടിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
പെന്‍ഷന്‍ തുകയായ 1600 രൂപ സര്‍ക്കാരിനു വലിയ കാര്യമായിരിക്കില്ലെന്ന് കോടതി പറഞ്ഞു. എഴുപത്തിയെട്ടു വയസുള്ള മറിയക്കുട്ടിയെ സംബന്ധിച്ച് അതു വലിയ തുകയാണ്. മറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത്. അവര്‍ കോടതിയെ സംബന്ധിച്ച് വിഐപിയാണെന്നും കോടതി പറഞ്ഞു. പെന്‍ഷന്‍ നല്‍കാനാവുന്നില്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പണം ചെലവഴിക്കുന്നതിനു സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണം. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നു പറയരുത്. പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിധവാ പെന്‍ഷനുള്ള കേന്ദ്ര വിഹിതം ഏപ്രില്‍ മുതല്‍ മുടങ്ങിക്കിടക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചപ്പോള്‍, വിഹിതം എന്തുകൊണ്ട് നല്‍കിയില്ലെന്ന് നാളെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതുവര്‍ഷത്തിന് മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടിയുടെ ഹര്‍ജി.