‘അമ്മേ എന്നെയും വെട്ടിയെന്ന് പറഞ്ഞ് കുഞ്ഞ് വീണു, വെട്ടേറ്റ അമ്മ കുഞ്ഞിനെയുമെടുത്ത് ഇറങ്ങിയോടി’: ദൃക് സാക്ഷി

Advertisement

കൊല്ലം: പത്തനാപുരം നടുക്കുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീകൊളുത്തി മരിച്ച സംഭവത്തിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. ഓട്ടോറിക്ഷ ഡ്രൈവറായ 40 വയസ്സുകാരൻ രൂപേഷാണ് ജീവനൊടുക്കിയത്. 27 വയസുള്ള ഭാര്യ അഞ്ജുവിനേയും 10 വയസുള്ള മകൾ ആരുഷ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് രൂപേഷ് ജീവനൊടുക്കിയത്.

പുലർച്ചെ രണ്ടരയോടെയായിരുന്നു നടുക്കുന്നിനെ നടുക്കിയ സംഭവം- “അമ്മേ രക്ഷിക്കണേ എന്ന നിലവിളിയായിരുന്നു. നിലവിളി കേട്ടപ്പോൾ ഞങ്ങൾ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു. അപ്പോൾ കുഞ്ഞ് ഓടി വന്നു. അമ്മേ എന്നെയും വെട്ടി എന്ന് പറഞ്ഞ് കുഞ്ഞിവിടെ വീണു. അമ്മ വന്ന് കുഞ്ഞിനെ വലിച്ചെടുത്ത് നിലവിളിച്ച് ഗേറ്റ് തുറന്ന് റോഡിൽ പോയി. അപ്പോഴേക്കും അപ്പുറത്തെ മോൾ പൊലീസിനെ വിളിച്ചു. പൊലീസ് വരുന്ന വഴിക്ക് കുഞ്ഞിനെയും അമ്മയെയും കണ്ടു. അവരെ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയി”- അയൽവാസി പറഞ്ഞു.

രൂപേഷിൻറെ ആക്രമണത്തിൽ അഞ്ജുവിന് തലയ്ക്ക് പിന്നിലും ആരുഷ്മയ്ക്ക് കണ്ണിലുമാണ് പരിക്കേറ്റത്. ആക്രമണത്തിന് ശേഷം അടുക്കളയിലെത്തിയ രൂപേഷ് തീ കൊളുത്തി മരിച്ചു. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചത്. പുക ഉയരുന്നത് കണ്ട് ആദ്യം അയൽവാസികൾ കരുതിയത് വീടിന് തീപിടിച്ചതാണെന്നായിരുന്നു. പിന്നീടാണ് രൂപേഷ് ഭാര്യയെയും മകളെയും വെട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് മനസ്സിലായത്.

കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിലും എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പിടവൂർ സ്വദേശിയായ രൂപേഷും അലിമുക്ക് സ്വദേശിയായ അഞ്ജുവും പ്രണയ വിവാഹിതരാണ്. ഒരു വർഷമായി നടുക്കുന്ന് കുളങ്ങരയിൽ വാടകയ്ക്കാണ് താമസം. വെട്ടേറ്റ അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യ നില തൃപ്തികരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.