തൃശ്ശൂർ. പൂരത്തിന്റെ എക്സിബിഷനുള്ള സ്ഥലത്തിൻറെ വാടക ഉയർത്തിയതിൽ പ്രത്യക്ഷ സമരവുമായി കോൺഗ്രസ്. ടി എൻ പ്രതാപൻ എം പി യുടെ നേതൃത്വത്തിൽ നടന്ന രാപകൽ സമരത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനും സർക്കാരിനും എതിരെ രൂക്ഷ വിമർശനമുയർന്നു. പൂരം പ്രദർശനത്തിനുള്ള സ്ഥല വാടക ഉയർത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ചർച്ച ചെയ്ത് പൂരം നല്ല രീതിയിൽ നടത്തുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയും പറഞ്ഞു.
പൂരം എക്സിബിഷൻ നടക്കുന്ന മൈതാനത്തിന്റെ വാടകയെ ചൊല്ലി ആറുമാസത്തിലധികമായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞതവണ വാടക തുക നാല്പതു ലക്ഷമായി ഉയർത്തിയപ്പോൾ തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പിന്നാലെ ഇക്കൊല്ലം രണ്ടു കോടിയിലധികം രൂപയായി വാടക വീണ്ടും ഉയർത്തി. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ഇതിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വിഷയത്തെ രാഷ്ട്രീയമായി അവതരിപ്പിക്കാനുള്ള നീക്കം കോൺഗ്രസ്സും ബിജെപിയും ശക്തമാക്കിയത്. ആറുമാസം ആയിട്ടും ദേവസ്വം മന്ത്രിയായ കെ രാധാകൃഷ്ണൻ ചർച്ചയ്ക്ക് പോലും നേതൃത്വം കൊടുക്കാത്തതാണ് ദേവസങ്ങളെ പോലും ചൊടിപ്പിക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിൻറെ സമീപനം മാറണം എന്ന് പറഞ്ഞ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാടക വർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആഞ്ഞടിച്ചു.
എന്നാൽ ചർച്ചകളിലൂടെ പരിഹാരം കണ്ട് പൂരം മങ്ങലേൽക്കാതെ നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു.
വിഷയത്തിൽ സമവായത്തിൽ ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചെങ്കിലും ഇതുവരെയും ചർച്ചകൾക്ക് തുടക്കം ഇട്ടിട്ടില്ല. ഇതോടെ വരും ദിവസങ്ങളിലും പൂരപ്രതിസന്ധി ഉയർത്തി കാട്ടി സമരം ശക്തമാക്കാൻ ആണ് ബിജെപി കോൺഗ്രസ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെയും നിലപാട്.