കൊച്ചി. വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പറ്റുമ്പോൾ പെൻഷൻ കൊടുക്കാമെന്ന സർക്കാർ നിലപാട് നിർഭാഗ്യകരമെന്ന് കോടതി ചൂണ്ടിക്കാട്ടി. മറിയക്കുട്ടിയെപ്പോലെയുള്ളവർ ദുരിതത്തിൽ കഴിയുമ്പോൾ താൻ ക്രിസ്തുമസ് ആഘോഷിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു. ഇതിനിടെ കേസ്
പരിഗണിക്കവെ കോടതിയും സർക്കാര്‍ അഭിഭാഷകനും ഏറ്റുമുട്ടുന്നതിനും കോടതി മുറി സാക്ഷിയായി.
വിധവാ പെൻഷൻ നിയമാനുസൃത പെൻഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നതല്ലെന്നും ,ഫണ്ടിന്റെ പര്യാപ്തതയ്ക്കനുസരിച്ചാണ് നൽകുന്നതെന്നുമായിരുന്നു സർക്കാർ വാദം.ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച സർക്കാർ മറിയക്കുട്ടിയ്ക്ക് മാത്രമായി പെൻഷൻ നൽകാനാകില്ലെന്നും ,45 ലക്ഷത്തിനു മുകളിൽ ആളുകൾക്ക് കുടിശ്ശിക കൊടുക്കാനുണ്ടെന്നും ,ചെറിയ തുകയായിട്ടു കൂടി കേന്ദ്ര സർക്കാർ വിഹിതം നൽകിയlല്ലെന്നും വാദിച്ചു. പറ്റുമ്പോൾ കൊടുക്കാമെന്ന സർക്കാർ നിലപാട് നിർഭാഗ്യകരമാണെന്നും ,രാഷ്ട്രീയ പ്രേരിതമെന്ന പരാമർശം ഞെട്ടിപ്പിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യൂ എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
രണ്ട് സർക്കാരുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കോടതിക്ക് വിഷയമല്ലെന്നും വാക്കാൽ പരാമർശം നടത്തി. അമിക്കസ് ക്യൂറിയെ വച്ചേക്കാമെന്നു ഒരു വേള പരാമർശം നടത്തിയ കോടതി
മറിയക്കുട്ടിക്ക് DLSA യുടെ സഹായം ആവശ്യമെങ്കിൽ കോടതിയെ അറിയിക്കാമെന്നു വ്യക്തമാക്കി ക്കൊണ്ട് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി.. മറിയക്കുട്ടിയെ പോലുള്ളവരോട് സഹതാപം മാത്രമെന്നും ,താൻ ക്രിസ്തുമസ് ആഘോഷത്തിൽ നിന്നും വിട്ടു നിൽക്കുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.