കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡി ജി പി ഓഫിസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം,യുദ്ധക്കള സമാനം

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡി ജി പി ഓഫിസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ,മുതിര്‍ന്ന നേതാക്കള്‍ കുഴഞ്ഞുവീണു. പൊലീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയും പൊലീസ് നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതോടെ അക്ഷരാര്‍ത്ഥത്തില്‍ തെരുവ് യുദ്ധത്തിലേക്ക് തലസ്ഥാന നഗരി മാറി.

ഡി ജി പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള സദസിന്റെ ബാനറുകള്‍ വ്യാപകമായി നശിപ്പിച്ചു. പിന്നാലെ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞത്.

ഇതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. അതിനിടെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എം പിക്കും വനിതാപ്രവര്‍ത്തകര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. സംഭവത്തിന് പിന്നാലെ നേതാക്കള്‍ വേദി വിട്ടു.

എന്നാല്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് സംഘടിച്ചെത്തിയതോടെ വീണ്ടും സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. ഇവരെ പിന്നീട് മുതിര്‍ന്ന നേതാക്കള്‍ എത്തി പിരിച്ചുവിട്ടു. എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, ചാണ്ടി ഉമ്മന്‍, എം പി ജെബി മേത്തര്‍ എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ നടന്ന കണ്ണീര്‍ വാതക പ്രയോഗം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും പ്രതിപക്ഷ നേതാക്കളെ കൊല്ലാനുള്ള നിര്‍ദേശമാണോ പൊലീസിന് നല്‍കിയതെന്ന് സംശയമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പൊലീസ് മാര്‍ച്ചിനെ നേരിട്ടതെന്ന് നേതാക്കള്‍ ആരോപിച്ചു.

സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം. ഇന്ന് പ്രാദേശിക തലത്തില്‍ പന്തംകൊളുത്തി പ്രകടനം നടക്കും. ഇതിനിടെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൂജപ്പുരയിലെ നവകേരള സദസിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചു.

Advertisement