തിരുവനന്തപുരം.രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനസംഘടനയില്‍ ഇന്ന് ചേരുന്ന
ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. ജെഡിഎസും കോവൂരും വളപ്പിന് പുറത്തുതന്നെ.
രാവിലെ ചേരുന്ന മുന്നണി യോഗം പുനസംഘടന ചർച്ച ചെയ്യും.ആന്‍റണി രാജുവിനും,അഹമ്മദ് ദേവർ കോവിലിനും പകരം ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തും.ഈ മാസം 29ന് സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ട് പേർക്ക് രണ്ടര വർഷവും,മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്.
ഇത് പ്രകാരം ഗതാഗത മന്ത്രി ആന്‍റണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവർ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും.മുന്‍ ധാരണ പ്രകാരമാണെങ്കില്‍ നവംബർ അവസാനം പുനസംഘടന നടക്കേണ്ടതായിരിന്നു.എന്നാല്‍ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനസംഘടന നീണ്ട് പോയത്.നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനസംഘടനയിലേക്ക് ഇടത് മുന്നണി കടക്കുന്നത്.
ഇന്ന് ചേരുന്ന മുന്നണി യോഗം മന്ത്രിമാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.മുന്നണി തീരുമാനം വരുന്നതിന് പിന്നാലെ ആന്‍റണി രാജുവും,അഹമ്മദ് ദേവർ കോവിലും മന്ത്രിസ്ഥാനം രാജി വെയ്ക്കും.ഗണേഷ് കുമാറിന്‍റെയും,കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിഞ്ജ ഈ മാസം 29 ന് രാജ് ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ നടക്കും.ആന്‍റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും,അഹമ്മദ് ദേവർ കോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും.ഇരുവരും ഇതേ വകുപ്പുകള്‍ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്.തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുത്ത് ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കുമെന്ന് അഭ്യൂഹം ഉണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്.മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ആർജെഡി നല്‍കിയ കത്തും യോഗം പരിഗണിക്കും.തങ്ങളാണ് യഥാർത്ഥ ജെഡിഎസ് എന്ന് കാട്ടി സികെ നാണു നല്‍കിയ കത്തും യോഗത്തില്‍ വരും. കോവൂര്‍ കുഞ്ഞുമോന്‍റെ കത്ത് മുന്നണി മുമ്പാകെയുണ്ട്. ഈ കാര്യം ചര്‍ച്ചഎടുക്കുമോ എന്നുപോലും വ്യക്തതയില്ല. ഒരിക്കല്‍ ഏറ്റവും പാരമ്പര്യമുള്ളവരുടെ കൂട്ടത്തില്‍ താനും കോവൂരുമുണ്ടെന്ന് ഗണേശന്‍ പറഞ്ഞിരുന്നു. ഒരുപാട് എതിര്‍പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഗണേശന് കസേരകിട്ടി. പക്ഷേ കുന്നത്തൂരിലെ നവകേരളസദസിലെ ആദ്യ പരാതിയായിട്ടും കോവൂരിന് ആശ്വാസ വാക്കുപോലും ഇല്ല.