പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29 ന് വൈകീട്ട്; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും: ഇ പി ജയരാജന്‍

Advertisement

തിരുവനന്തപുരം: മുന്നണി ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചതായും, പകരം പുതിയ മന്ത്രിമാര്‍ ഡിസംബര്‍ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ.
നേരത്തെ നിശ്ചയിച്ചതനുസരിച്ച്‌ രണ്ടു ഘടകകക്ഷി നേതാക്കളായ കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിമാരാകും. ഡിസംബര്‍ 29 ന് വൈകീട്ടാണ് സത്യപ്രതിജ്ഞ നടക്കുകയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും. വകുപ്പ് തീരുമാനിക്കുന്നത് ഇടതുമുന്നണിയല്ല, അത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. മുന്നണിയിലെ കക്ഷികള്‍ക്ക് അവസരം നല്‍കുക എന്നത് മന്ത്രിസഭാ രൂപീകരണ വേളയില്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ നിലവിലെ രണ്ടു മന്ത്രിമാര്‍ രാജിവെച്ചത്. മറ്റു മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റം സംബന്ധിച്ച്‌ എല്‍ഡിഎഫ് തീരുമാനമെടുത്തിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

നവകേരള സദസ്സ് ചരിത്ര സംഭവമായിരുന്നുവെന്ന് ജയരാജന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ചയെ ശക്തിപ്പെടുത്താന്‍ പരിശ്രമിച്ച മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും ഇടതുമുന്നണി സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്നു. ആ പ്രമേയം എല്‍ഡിഎഫ് യോഗം അംഗീകരിച്ചു. സര്‍ക്കാരിനേയും മുന്നണിയേയും കരുത്തുറ്റതാക്കാന്‍ ശ്രമിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ എല്‍ഡിഎഫ് യോഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയതായും ജയരാജന്‍ പറഞ്ഞു.

Advertisement