നവകേരള സദസ്സില്‍ പങ്കെടുത്തില്ല: വനിത ഓട്ടോ ഡ്രൈവര്‍ക്ക് വിലക്ക് കല്‍പ്പിച്ച് സിഐടിയു

Advertisement

നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിനാല്‍ വനിത ഓട്ടോ ഡ്രൈവറെ സ്റ്റാന്‍ഡില്‍ നിന്ന് വിലക്കിയതായി പരാതി. തിരുവനന്തപുരം കട്ടായിക്കോണം ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്നാണ് സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ഭീഷണി. സിഐടിയു അംഗവും സിപിഐ (എം) പാര്‍ട്ടി പ്രവര്‍ത്തകയുമായ രജനിക്കാണ് ദുരനുഭവം.
നവ കേരള സദസ്സില്‍ പങ്കെടുക്കാത്തതിനാല്‍ ആണ് സിഐടിയു കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവരുടെ ഈ ഭീഷണി. ഇന്നലെയാണ് കഴക്കൂട്ടം മണ്ഡലത്തിലെ നവ കേരള സദസ് നടന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം രജനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇന്ന് കാട്ടായിക്കോണം സ്റ്റാന്‍ഡിലേക്ക് എത്തിയപ്പോള്‍ അപ്രതീക്ഷിത വിലക്ക്.
എട്ടു വര്‍ഷമായി കാട്ടായിക്കോണം സ്റ്റാന്‍ഡില്‍ ആണ് രജനി ഓട്ടോറിക്ഷ ഓടുന്നത്. നാളുകളായി സിഐടിയു ഓട്ടോറിക്ഷ തൊഴിലാളികളുടെ യൂണിയന്‍ അംഗവുമാണ്. പാര്‍ട്ടി ആലോചിച്ചശേഷം രജനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന വിചിത്ര നിലപാടിലാണ് സിഐടിയു. പരാതിയുമായി മുന്നോട്ടു പോയാല്‍ ചുമട്ടുതൊഴിലാളിയായ സഹോദരന്‍ രാജേഷും നാളെ മുതല്‍ ജോലിക്ക് എത്തേണ്ട എന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Advertisement