പിണറായി വിജയനെതിരെ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ച സി രഘുനാഥും സംവിധായകൻ മേജർ രവിയും ബിജെപിയിൽ ചേർന്നു

Advertisement

ന്യൂഡെല്‍ഹി. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ച സി.രഘുനാഥും സംവിധായകൻ മേജർ രവിയും ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽനിന്നും ഇരുവരും അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് മതേതരത്വത്തെ ചവിട്ടി മെതിക്കുന്നുവെന്ന് സി രഘുനാഥ്. ദേശീയതയോട് ചേർന്ന് പ്രവർത്തിക്കാനാണ് ബിജെപി അംഗത്വം എന്ന് മേജർ രവി.

നേതൃത്വം കാലങ്ങളായി അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന കോൺഗ്രസ്‌ ബന്ധം സി. രഘുനാഥ്‌ ഉപേക്ഷിച്ചത്. ബിജെപിയിലേക്കുള്ള രാഷ്ട്രീയ പ്രവേശനമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും സി. രഘുനാഥ്‌ അന്നത് പ്രഖ്യാപിച്ചിരുന്നില്ല. കണ്ണൂർ ജില്ലാ നേതൃത്വവുമായും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയതിന് ശേഷമാണ് രഘുനാഥ്‌ ഡൽഹിയിലേക്ക് വണ്ടി കയറിയതും ബിജെപി ദേശീയ അദ്ധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ചതും. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും പ്രവർത്തിക്കുന്നത് ദേശീയതയ്ക്ക് വിരുദ്ധമായ ആണെന്ന് രഘുനാഥ് പ്രതികരിച്ചു.

നാളിതുവരെ ബിജെപിയുടെ ആശയവുമായി താൻ യോജിച്ചിരുന്നുവെന്ന് മേജർ രവി.കണ്ണൂരിലെ ഡി സി സി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സി.രഘുനാഥ്‌ കെ പി സി സി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായി കൂടിയായിരുന്നു.

Advertisement