പത്തനംതിട്ട. എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകിയ വിദ്യാർഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസ് മേധാവി റിപ്പോർട്ട് തേടി. പത്തനംതിട്ട ജില്ല പൊലിസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. വിഷയത്തിൽ അടിയന്തര നടപടിക്കും ഡിജിപിയുടെ നിർദേശം.
കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാർഥിനിയായ നിളക്കെതിരെ സഹപാഠിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നതുൾപ്പെടെ മൂന്ന് കേസുകളാണ് ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്തത്. എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്ന നിളയുടെ പരാതിയിൽ കേസ് എടുത്തതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരിക്കെതിരെയും ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തത്. സംഭവം വിവാദമായതോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഇടപെടൽ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് തേടിയതിനോടൊപ്പം വിഷയത്തിൽ അടിയന്തര നടപടിക്കും നിർദ്ദേശം നൽകി.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും പെരുനാട് സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സണ്‍ ആക്രമിച്ചു എന്ന നിളയുടെ പരാതിയില്‍ മൂന്നു ദിവസത്തിന് ശേഷം കേസെടുത്ത പൊലീസാണ് നിളയ്ക്കെതിരായ പരാതികളിൽ മണിക്കൂറുകൾക്കകം നടപടിയെടുത്തത്.
എസ്എഫ്ഐ പ്രവർത്തകൻ അർജുൻ നൽകിയ പരാതിയിൽ പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയും കേസുണ്ട്. പരാതിക്കാരിക്കെതിരെ കടുത്ത വകുപ്പുകള്‍ ഇട്ട പൊലീസ്, നിളയെ ആക്രമിച്ചവർക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയെന്നും ആരോപണമുണ്ട്.. നിളയുടെ പരാതിയിൽ കേസെടുത്തില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച 10 യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ആറന്മുള പൊലീസ് കേസെടുത്തത്.