2023 ഡിസംബർ 25 തിങ്കൾ
🤝ഇന്ന് ക്രിസ്മസ്. എല്ലാവർക്കും ‘ന്യൂസ് അറ്റ് നെറ്റി’ ൻ്റെ ക്രിസ്മസ് ആശംസകൾ🤝
🌴കേരളീയം 🌴
🙏ലൈഫ് മിഷൻ പദ്ധതിക്കായി ഹഡ്കോ 430 കോടി രൂപകൂടി വായ്പ അനുവദിച്ചു. ഇതോടെ ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള പണം അനുവദിച്ചു തുടങ്ങി. സാങ്കേതിക തടസങ്ങള്‍മൂലം ഹഡ്കോ വായ്പ തടസപ്പെട്ടിരുന്നു.
🙏ശബരിമലയില്‍ നാളെ ഗതാഗത നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര നടക്കുന്നതിനാലാണ് നിയന്ത്രണം. ഉച്ചപൂജയ്ക്കുശേഷം വൈകുന്നേരം അഞ്ചിനേ നട തുറക്കൂ. രാവിലെ 11 വരെ നിലയ്ക്കലില്‍ എത്തുന്ന വാഹനങ്ങള്‍ മാത്രമേ പമ്പയിലേക്കു കടത്തിവിടൂ. സാധാരണ ഉച്ചയ്ക്കുശേഷം മൂന്നിനു നട തുറക്കാറുണ്ട്.
🙏മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള സദസിനു ലഭിച്ചത് 6.21 ലക്ഷം പരാതികള്‍. മലപ്പുറം ജില്ലയില്‍നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്. 80,885 പരാതികള്‍ മലപ്പുറത്തുനിന്ന് ലഭിച്ചപ്പോള്‍ പാലക്കാടുനിന്ന് 64,204 പരാതികള്‍ ലഭിച്ചു. കാസര്‍കോടുനിന്നാണ് ഏറ്റവും കുറവു പരാതികള്‍ ലഭിച്ചത്. 14,232 പരാതികള്‍.
🙏കെഎസ്ആര്‍ടിസി
യുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡായി. ശനിയാഴ്ച്ച പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു. ഡിസംബര്‍ മാസം 11 നു നേടിയ 9.03 കോടി വരുമാനമാണ് ഇപ്പോള്‍ മറികടന്നത്. കെഎസ്ആര്‍ടിസി മാനേജ്മെന്റിനേയും ജീവനക്കാരേയും സിഎംഡി ബിജു പ്രഭാകര്‍ അഭിനന്ദിച്ചു.
🙏തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശിയായ ഷോര്‍ട്ട് ഫിലിം ഡയറക്ടറെ തട്ടികൊണ്ടുപോയ അഞ്ചംഗ സംഘം പിടിയില്‍. ബാലരാമപുരത്തുനിന്ന് ആനയറ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ തമിഴ്നാട് സ്വദേശി വാഹനത്തിനത്തില്‍നിന്ന് ഇറങ്ങിയോടി. ഇതോടെ ജനം ഓടിക്കൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ചു പ്രതികളെ പേട്ട പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
🙏തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിമാര്‍ പങ്കെടുത്ത യോഗം തീരുമാനാമാകാതെ പിരിഞ്ഞു. പൂരം പ്രദര്‍ശന നഗരിയുടെ തറവാടക ഭീമമായി വര്‍ധിപ്പിച്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം കോടതിയുടെ നിര്‍ദേശമനുസരിച്ചാണെന്നും കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നും മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും പറഞ്ഞു.
🙏ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളത്തെ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും ആരും എത്തിയില്ല. കേന്ദ്ര പഞ്ചായത്ത് രാജ് ഡപ്യൂട്ടി സെക്രട്ടറി വിജയ് കുമാറിന്റേയും അഡൈ്വസര്‍ ഡോ പി പി ബാലന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന.
🙏ചാലക്കുടി എസ്ഐയുടെ കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സന്‍ മുബാറക്കിനെതിരെ കേസെടുത്തു. കേസെടുക്കാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുത്തത്.
🙏കോടതി ഉത്തരവനുസരിച്ച് 82,000 രൂപ പിഴയടച്ചു പുറത്തിറക്കിയ റോബിന്‍ ബസിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ എംവിഡി ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചെന്ന് നടത്തിപ്പുകാരന്‍ ഗിരീഷ്. ഡ്രൈവറുടെ സ്വര്‍ണവും പണവും അടങ്ങുന്ന ബാഗ് അടക്കം പലരുടേയും ബാഗുകള്‍ ബസില്‍നിന്ന് എടുക്കാന്‍ അനുവദിക്കാതെയാണ് ബസ് ഒരു മാസംമുമ്പ് പിടിച്ചെടുത്തുകൊണ്ടുപോയതെന്ന് ഗിരീഷ് ആരോപിച്ചു.
🙏കേരള ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ. ജാഫര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു താമസം.
🙏പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.
🙏കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ നൈജീരിയന്‍ സ്വദേശി കെന്ന മോസസ് അറസ്റ്റിലായി. കല്‍പ്പറ്റ സൈബര്‍ ക്രൈം പൊലീസാണ് പ്രതിയെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.
🙏സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്ഐക്ക് സസ്പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ ഡിഐജി സസ്പെന്‍ഡു ചെയ്തത്.
🙏വിദേശത്ത് ജോലി നല്‍കാമെന്നു വാഗ്ദാനംചെയ്ത് മധ്യവയസ്‌കനില്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ ചേര്‍പ്പുങ്കല്‍ കെഴുവംകുളം സ്വദേശി സണ്ണി തോമസ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.
🙏കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ് പിടികൂടിയത്.
🇳🇪 ദേശീയം 🇳🇪
🙏ഗുസ്തി ഫെഡറേഷന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി. ദേശീയ ഗുസ്തി ഫെഡറേഷന് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനോട് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. കായിക താരങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.
🙏ലോക്സഭ തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയില്‍ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും 30 ന് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയും നടത്തും. 50 ശതമാനം വോട്ട് വിഹിതമെങ്കിലും ഇക്കുറി നേടണമെന്നാണ് ബിജെപി ഭാരവാഹികള്‍ക്കുള്ള മോദിയുടെ നിര്‍ദ്ദേശം. ജനുവരി 22 ന് രാമക്ഷേത്രം തുറക്കുന്നതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണം സജീവമാക്കും
🙏കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ബോധവത്കരണ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിക്കുന്നുണ്ട്.
🙏പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് ക്രിസ്മസ് വിരുന്ന്. മതമേലധ്യക്ഷരേയും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരേയും ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.
🙏കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകാഷ്മീരിലേക്ക്. ഇന്നു പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും. ഈ പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം.
⚽ കായികം ⚽
🙏 ഐ എസ് എൽ ഫുട്ബോളില്‍ മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ഈ ജയത്തോടെ 11 കളികളില്‍ നിന്ന് 23 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്.