ഷൂ ഏറ്,കോടതി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ കുറുപ്പുംപടി പോലീസ്

Advertisement

കൊച്ചി.കേസെടുക്കാൻ കോടതി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ കുറുപ്പുംപടി പോലീസ് .മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഈ പരാതിയിലാണ് കേസെടുക്കാതെ ഉദ്യോഗസ്ഥരെ പോലീസ് സംരക്ഷിക്കുന്നത്. കുറുപ്പുംപടി സി ഐക്കെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരുടെ തീരുമാനം

ഓടക്കാലിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ ലോക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചത്. വാഹനത്തിനുള്ളിൽ കയറ്റിയ ശേഷം തോക്കുകൊണ്ട് മർദ്ദിച്ചതായി പ്രതികൾ കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രതികളുടെ ശരീരത്തിലെ പരിക്കുകൾ നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് കോടതി പരാതി എഴുതി വാങ്ങിയത്. ഈ പരാതിയിലാണ് കേസെടുക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും പോലീസ് ഉരുണ്ട് കളിക്കുന്നത്.

പരാതിക്കാർ കേസിനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തുമ്പോഴൊക്കെ കേസെടുക്കാം എന്ന ഒഴുക്കൻ മറുപടി മാത്രമാണ് കുറുപ്പുംപടി സിഐ നൽകുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരം മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കേണ്ടി വരുമെന്ന സാഹചര്യമാണ് പോലീസിനെ കേസ് എടുക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നത്. കേസെടുക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന സി.ഐക്കെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരുടെയും തീരുമാനം.