തിരുവനന്തപുരം. സംസ്ഥാന മന്ത്രിസഭയിൽ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനമായി. ഗവർണർ കേരളത്തിൽ തിരിച്ചെത്തിയശേഷം സത്യപ്രതിജ്ഞയുടെ സമയം തീരുമാനിക്കും. കോവൂര്‍ കുഞ്ഞുമോനെ പരിഗണിക്കാതിരിക്കുന്നത് ഒരു ആക്ഷേപമായി മുന്നണിക്ക് മുന്നിലുണ്ട്. മന്ത്രിപദമില്ലെങ്കിലും മറ്റ് എന്തെങ്കിലും കാര്യത്തിന് കുഞ്ഞുമോനെ പരിഗണിക്കും
മുൻനിശ്ചയിച്ച പ്രകാരമുള്ള പുനസംഘടന തലവേദനകൾ ഒന്നുമില്ലാതെ പൂർത്തിയാക്കി എന്നുള്ളതാണ് എൽഡിഎഫിന്റെ ആശ്വാസം. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട പാർട്ടികൾക്ക് മറ്റൊരു രീതിയിൽ പ്രാതിനിധ്യം ഉറപ്പാക്കും. ഒരു എതിരഭിപ്രായവും ഇല്ലാതെ പുനസംഘടന പൂർത്തിയാക്കിയത് മുന്നണിക്ക് ആത്മവിശ്വാസം പകരും. നേരത്തെ എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യം ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ആ ആവശ്യം പരിഗണിക്കപ്പെട്ടില്ല. മന്ത്രിയാക്കണമെന്ന കോവൂർ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിച്ചില്ല. പകരം ഉചിതമായ മറ്റു പരിഗണനകൾ നൽകാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
വകുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അഹമ്മദ് ദേവർകോവിലൊഴിയുന്ന തുറമുഖ വകുപ്പ് ആകും കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുക. തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുത്ത് പകരം ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് നൽകാമെന്ന് നേരത്തെ സിപിഐഎമ്മിൽ ആലോചന ഉണ്ടായിരുന്നു. എന്നാൽ അതു തൽക്കാലം വേണ്ടെന്നാണ് സിപിഐഎം തീരുമാനം. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നാണ് ഇപ്പോഴും കടന്നപ്പള്ളിയുടെ നിലപാട്.
ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും. രണ്ടുപേരും നേരത്തെയും ഇതേ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നവരാണ്. ഗവർണർ കേരളത്തിൽ എത്തിയശേഷം മന്ത്രിമാരുടെ രാജിക്കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറും. ബഹിഷ്കരണത്തിനൊപ്പം പ്രതിഷേധ പരിപാടികൾ കൂടി സംഘടിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.