പത്തനാപുരം. ഗാന്ധിഭവനില്‍ അന്തേവാസികളായ അമ്മമാർക്ക് പിന്നാലെ അച്ഛന്മാർക്കും താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു. ഇരുപത് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മന്ദിരത്തിൽ 300 പേർക്ക് താമസിക്കാം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനമാണ് ഈ കെട്ടിടം. ക്രിസ്മസ് ദിനത്തിൽ നടന്ന ചടങ്ങിൽ എം.എ.യൂസഫലി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.
ആയിരത്തിമുന്നൂറോളം അഗതികള്‍ക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായാണ് എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനം. ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെയും അന്തേവാസികളായ മുതിര്‍ന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തില്‍ ബഹുനില മന്ദിരത്തിന് എം.എ.യൂസഫലി തറക്കല്ലിട്ടു.
പതിനഞ്ചു കോടിയിലധികം തുക മുടക്കി ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാര്‍ക്ക് താമസിക്കുവാന്‍ യൂസഫലി നിര്‍മ്മിച്ചുനല്‍കിയ ബഹുനില മന്ദിരത്തിനു സമീപത്തായാണ് പുതിയ കെട്ടിടം ഉയരുന്നത്. മൂന്ന് നിലകളായാണ് നിര്‍മ്മാണം. അതിനും മുകളിലായി 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ത്ഥനാഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷാസംവിധാനങ്ങള്‍, ലൈബ്രറി, ഡൈനിംഗ് ഹാള്‍, ലിഫ്റ്റുകള്‍, മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനാമുറികള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എം.എ.യൂസഫലി.
അറിയിച്ചു.
ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമൊപ്പം കേക്കു മുറിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നശേഷമാണ് എം.എ. യൂസഫലി മടങ്ങിയത്.