പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ പുള്ളിപ്പുലിയിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് പൊന്മുടിയില്‍ പുള്ളിപ്പുലിയെ കണ്ടത്. രാവിലെ 8.30ന് പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തായിട്ടാണ് പുള്ളിപ്പുലിയെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി പോകുകയായിരുന്നു പുലി. ഉടന്‍തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുള്ളിപ്പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊന്മുടി മേഖലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശങ്കകളും ഉടലെടുത്തിട്ടുണ്ട്.
പുള്ളിപ്പുലിയെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൊന്മുടിയും പരിസരപ്രദേശങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ക്രിസ്മസ്- പുതുവത്സര അവധി ദിനങ്ങള്‍ എത്തിയതോടെ ആയിരക്കണക്കിന് പേരാണ് ദിനവും പൊന്മുടിയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്.