തൃശൂർ. പുലക്കാട്ടുക്കരയിൽ പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ഗൃഹനാഥന് ലഹരി സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. പുലക്കാട്ടുകര സ്വദേശി ഓംപുള്ളി വീട്ടില്‍ 35 വയസുള്ള ബിനുവിനെയാണ് 16 ഓളം വരുന്ന സംഘം മർദ്ദിച്ചത്. ബിനുവിനെ റോഡിലിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തില്‍ പുതുക്കാട് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം .മണലി പുഴയുടെ കടവില്‍ കുളിക്കാനെത്തിയതായിരുന്നു ബിനുവും മകളും സഹോദരന്റെ മകളും. ഈ സമയത്ത് പ്രദേശത്തെ ഉത്സവത്തിന് ബന്ധുവീട്ടിലേക്ക് എത്തിയ ഒരു സംഘം മദ്യവും മറ്റു ലഹരികളും ഉപയോഗിക്കുകയായിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെ കുളിക്കുന്ന കടവില്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് ബിനു മടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം രാത്രിയില്‍ ബിനുവിന്റെ വീട്ടിലെത്തി അക്രമം നടത്തിയത്.
വീട്ടിലെത്തിയ സംഘം മുറ്റത്തു നില്‍ക്കുകയായിരുന്ന ബിനുവിനെ മർദ്ദിച്ചു. മകളും സഹോദരന്റെ മകളും ചേർന്ന് അക്രമം തടഞ്ഞു. എന്നാൽ അരപ്പവന്‍ വീതം തൂക്കമുള്ള ബിനുവിന്‍റേയും, സഹോദരന്റെ മക്കളുടെയും സ്വര്‍ണ്ണമാലകള്‍ പൊട്ടിച്ചെടുത്ത് സംഘം ഓടി. പുറകെ ഓടിയ ബിനുവിനെ വഴിയില്‍ കാത്തുനിന്ന സംഘത്തിലെ ബാക്കി ഉള്ളവരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ബോധരഹിതനായി താഴെ വീണ ബിനുവിനെ സംഘാംഗങ്ങള്‍ ചേര്‍ന്ന് തലയിലും നെഞ്ചിലും മുഖത്തും ഷൂസ് ധരിച്ച കാലുകൊണ്ട് നിഷ്‌കരുണം പലതവണ ചവിട്ടുകയായിരുന്നു.
ആക്രമിക്കുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തുന്നതിനുമുന്‍പ് സംഘം കടന്നുകളഞ്ഞു. സാരമായി പരുക്കേറ്റ ബിനുവിനെ ആദ്യം പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് കഞ്ചാവ് മാഫിയ സജീവമാണെന്നും അപരിചിതരായ വ്യക്തികളുടെ സംഘങ്ങള്‍ വന്നുപോകുന്നത് പതിവാണെന്നും ബിനു പറഞ്ഞു. ബിനുവിന്‍റെ പരാതിയില്‍ കേസെടുത്ത പുതുക്കാട് പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.