ഗുണ്ടകൾ ആക്രമിച്ചുവെന്ന് പൊലിസ്
കൊല്ലപ്പെട്ടത് കൊലപാതക കേസിലെ പ്രതികൾ
ചെന്നൈ.തമിഴ് നാട് കാഞ്ചീപുരത്ത് പൊലിസ് രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ വെടിവെച്ച് കൊലപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ടകളായ രഘുവരൻ, വെങ്കിടേശ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതക കേസിൽ അറസ്റ്റ് ചെയ്യാൻ ശ്രമിയ്ക്കുന്നതിനിടെ പ്രതികൾ പൊലിസിനെ ആക്രമിയ്ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പൊലിസുകാർക്ക് പരുക്കേറ്റു.
ഇന്ന് പുലർച്ചെ മൂന്നരയോടെ കാഞ്ചീപുരം ഇന്ദിരാനഗർ സർവീസ് റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം കാഞ്ചീപുരത്ത് കുപ്രസിദ്ധ ഗുണ്ടയായ പ്രഭാകരനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ഉൾപ്പെട്ട രഘുവരൻ, വെങ്കിടേഷ് എന്നിവരെ പൊലിസ് കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിയ്ക്കുന്നതിനിടെ, വടിവാൾ ഉപയോഗിച്ച് പൊലിസിനെ ആക്രമിയ്ക്കുകയായിരുന്നു. ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ രാമലിംഗം, കോൺസ്റ്റബിൾ ശശികുമാർ എന്നിവർക്ക് പരുക്കേറ്റു.
ആക്രമണത്തെ തുടർന്ന് പൊലിസ് വെടിവെയ്ക്കുകയായിരുന്നു. രണ്ടുപേരും തൽക്ഷണം മരിച്ചു. പരുക്കേറ്റ പൊലിസുകാരെ കാഞ്ചീപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകം ഉൾപ്പെടെ, നിരവധി കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ട രണ്ടുപേരും. മൂന്ന് മാസത്തിനിടെ കാഞ്ചീപുരത്ത് നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്.