സിപിഎം പ്രവര്‍ത്തകനെകൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതേവിട്ട ബിജെപി നേതാവിനൊപ്പം സിപിഎം നേതാവ് വേദി പങ്കിട്ടത് വിവാദമായി

Advertisement

തൃശൂര്‍.കൊടുങ്ങല്ലൂരിൽ സിപിഎം പ്രവർത്തകനായ കെ.യു ബിജു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബിജെപി നേതാവിനൊപ്പം ഏരിയാ സെക്രട്ടറി വേദി പങ്കിട്ടതിൽ വിവാദം. കൊടുങ്ങല്ലൂരിലെ തീയറ്റർ ഉദ്ഘാടന വേദിയാലാണ് സിപിഎം ഏരിയ സെക്രട്ടറി കെആര്‍ ജൈത്രനും കോടതി വെറുതെ വിട്ട ബിജെപി നേതാവ് എആര്‍ ശ്രീകുമാറും വേദി പങ്കിട്ടത്. കേസുനടത്തിപ്പിൽ വീഴ്ചയുണ്ടായി എന്ന് പാർട്ടി അണികൾക്കിടയിൽ അമർഷം നിലനിൽക്കുന്നതിനിടയിലാണ് പുതിയ വിവാദം.


കൊടുങ്ങല്ലൂരിലെ രക്തസാക്ഷി കെ യു ബിജുവിനെ കൊലക്കേസിൽ കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ട എ.ആര്‍. ശ്രീകുമാറുമായി വേദി പങ്കിട്ടതിനെച്ചൊല്ലിയാണ് പാര്‍ട്ടിയ്ക്കുള്ളിൽ വിവാദം മുറുകുന്നത്. 2008 ജൂണ്‍ 30 ന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ട ബിജു ജൂലൈ രണ്ടിന് ചികിത്സയിലിരിക്കേ മരിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പതിനഞ്ച് കൊല്ലത്തിനുശേഷം വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വിധി പറഞ്ഞ കോടതി ശ്രീകുമാര്‍ ഉള്‍പ്പടെ 13 പ്രതികളെ വെറുതെ വിട്ടിരുന്നു. പ്രോസിക്യൂഷന്‍ വീഴ്ചകളാണ് കേസില്‍ പ്രതികള്‍ക്ക് സഹായകരമായതെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. വിധിവന്ന് ഒരാഴ്ച പിന്നിടും മുമ്പാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ബിജെപി നേതാവിനൊപ്പം സിപിഐഎം ഏരിയാ സെക്രട്ടറി കെ ആർ ജൈത്രൻ വേദി പങ്കിട്ടത്. അപ്രതീക്ഷിതമായി ശ്രീകുമാര്‍ വേദിയിലേക്ക് കയറി വരികയായിരുന്നെന്നും വേദി പങ്കിട്ടതല്ലെന്നുമാണ് ജൈത്രന്റെ വിശദീകരണം. വേദി പങ്കിടലിൽ പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പരസ്യ വിമർശനവുമായും എത്തിയിട്ടുണ്ട്.

Advertisement