പ്രധാനമന്ത്രിക്കായി മിനി പൂരം

Advertisement

തൃശൂർ.പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശന വേളയിൽ മിനിപൂരംഒരുക്കാൻ പാറമേക്കാവ് ദേവസ്വം. പൂരം പ്രദർശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വംബോർഡുമായി തർക്കം തുടരവേയാണ് പാറമേക്കാവിന്റെ അപ്രതീക്ഷിതനീക്കം. 15 ആനകളെ അണിനിരത്തിയുള്ള പൂരത്തിൽ കുടമാറ്റവും ചെമ്പടമേളവും ഉണ്ടാകും. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കാനാണ് നടപടി.


പൂരം എക്സിബിഷന്റെ തറവാടക സംബന്ധിച്ച തർക്കത്തിൽ നിലപാട് വ്യക്തമാക്കാതെ മുന്നോട്ടുപോകുന്നതിനിടയിലാണ് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പാറമേക്കാവ് ദേവസ്വത്തിന്റെ നടപടി. ജനുവരി മൂന്നിന് തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുൻപിൽ പൂരച്ഛായ ഒരുക്കാനാണ് ശ്രമം. റോഡ്ഷോയ്ക്കിടയിൽ പ്രധാനമന്ത്രി പൂരത്തിനു മുൻപിലെത്തുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. തെക്കോട്ടിറക്കത്തിന്റെയും കുടമാറ്റത്തിന്റെയും അവതരണം ഒരുക്കും.

തെക്കേഗോപുരനടയ്ക്കു പകരം പാറമേക്കാവിനു മുൻവശമാകും വേദി. നെട്ടിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും സഹിതം 15 ആനകളെ അണിനിരത്താനാണ് ശ്രമം. ഇരുനൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന ചെമ്പടമേളവും ഉണ്ടാകും. ഇതിന്റെ അനുമതിക്ക് ശ്രമമാരംഭിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുമുൻപ് മാർപാപ്പയുടെ തൃശ്ശൂർ സന്ദർശനസമയത്തും ഇത്തരത്തിൽ പൂരാന്തരീക്ഷം ഒരുക്കിയിരുന്നു.

Advertisement