കോഴിക്കോട്. തൃശൂരും കോഴിക്കോടും വൻ ലഹരിമരുന്ന് വേട്ട.
51.9 കിലോഗ്രാം കഞ്ചാവും എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ .പുതുവത്സര ആഘോഷത്തിന് വിൽപന നടത്താൻ കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് ഡാൻസാഫ് സംഘവും
നടക്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ 4 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. സംഭവത്തിൽ കാസർകോട് സ്വദേശികളായ മുഹമ്മദ് ഫൈസൽ, അബൂബക്കർ സിദ്ദീഖ് എന്നിവർ അറസ്റ്റിലായി. സി ഐ പികെ ജിജീഷ് , എസ് ഐ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.13 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്.
തൃശൂരിൽ നടന്ന പരിശോധനയിൽ 40 ഗ്രാം എംഡിഎംഎയും 15 ബോട്ടിൽ ഹാഷിഷ് ഓയിലുമാണ് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ കുന്ദംകുളം സ്വദേശി അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വൻ തോതിൽ ലഹരി വസ്തുക്കൾ എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.