തിരുവനന്തപുരം . രാമക്ഷേത്ര പ്രതിഷ്ഠാ വിഷയത്തിൽ നിലപാടെടുക്കാൻ ആകാതെ സംസ്ഥാന കോൺഗ്രസ് നേതൃത്വവും. ആവർത്തിച്ചു ചോദിച്ചിട്ടും ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന പ്രതികരണമാണ് സംസ്ഥാന നേതാക്കൾ പങ്കുവെച്ചത്. അതേസമയം, പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് കെ മുരളീധരൻ വ്യക്തമാക്കിയെങ്കിലും ദേശീയ നേതൃത്വം കെപിസിസിയോട് നിലപാട് ചോദിച്ചിട്ടില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ വിഷയത്തിലെ ചോദ്യങ്ങളോട് പല നേതാക്കളും ഒഴിഞ്ഞു മാറുമ്പോൾ, ചടങ്ങിൽ പങ്കെടുക്കരുതെന്ന നിലപാട് വ്യക്തമാക്കി കെ മുരളീധരൻ രംഗത്ത് എത്തി. കെപിസിസിയുടെ നിലപാട് ആണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു
എന്നാൽ മുരളീധരനെ തള്ളുന്നതായിരുന്നു കെ സുധാകരന്റെ
പ്രതികരണം. കെപിസിസിയുടെ നിലപാട് ആരും ചോദിച്ചിട്ടില്ലെന്നും സംസ്ഥാന ഘടകം എവിടെയും നിലപാട് അറിയിച്ചിട്ടില്ലെന്നും സുധാകരൻ.
വിശ്വാസികൾ ധാരാളമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അതിനാൽ അയോദ്ധ്യ വിഷയത്തിൽ നിലപാടെടുക്കാൻ പാർട്ടിക്ക് സമയം വേണമെന്നും പ്രവർത്തക സമിതിയഗം ശശി തരൂർ. വ്യക്തികളെന്ന നിലയിൽ അയോധ്യ ക്ഷേത്രത്തിൽ പോകുന്നതിന് അവകാശമുണ്ടെന്നും എന്നാൽ സമയവും സാഹചര്യവുമാണ് പ്രശ്നമെന്നും തരൂർ കൂട്ടിച്ചേർത്തു.
ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്കൊപ്പം രാമൻ ഉണ്ടാവില്ലെന്ന് കോൺഗ്രസ് വാർഷികത്തോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറിച്ചു. ഗാന്ധിജിയുടെ രാമനെ, കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താൻ ആവില്ലെന്നും സതീശൻ ലേഖനത്തിൽ പറഞ്ഞു