തൃശൂർ: പാടങ്ങളിലും വലിയ ജലാശയങ്ങളിലും അധിവസിച്ചുപോരുന്ന നീർനായകളെ കണ്ടവരായിരിക്കും നമ്മളിൽ ചിലരെങ്കിലും. ഇവയുടെ തന്നെ വിഭാഗത്തിലുള്ള മറ്റൊരിനം നീർനായയുടെ കേരളത്തിലെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ.
യൂറേഷ്യൻ നീർനായ എന്നറിയപ്പെടുന്ന ഇവയെ ഇടുക്കിയിലെ ചിന്നാർ വന്യജീവി സാങ്കേതത്തിൽ നിന്നുമാണ് കണ്ടെത്താനായത്. ലൂട്ര ലൂട്ര എന്നാണ് ശാസ്ത്ര നാമം. പശ്ചിമഘട്ടത്തിൽ അത്യപൂർവമായ യൂറേഷ്യൻ നീർനായയുടെ ഈ കണ്ടെത്തൽ കേരളത്തിലെ സസ്തനികളുടെ പട്ടികയിലേക്ക് ഒരതിഥിയെകൂടി സമ്മാനിച്ചിരിക്കുകയാണ്.
നാട്ടു നീർനായ, മല നീർനായ എന്നിവയുൾപ്പെടെ കേരളത്തിൽ കാണപ്പെടുന്ന നീർനായ ഇനങ്ങൾ ഇതോടെ മൂന്നായി. ഉൾക്കാടുകളിലെ ചെറിയ അരുവികളെ ആശ്രയിച്ചു കഴിയുന്ന ഇവ വളരെ നാണം കുണുങ്ങികളും രാത്രികാലങ്ങളിൽ ഇര തേടുന്നവരുമാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സസ്തനികളുടെ കണക്കെടുപ്പിലാണ് പശ്ചിമഘട്ടത്തിൽ യൂറേഷ്യൻ നീർനായയുടെ സാന്നിധ്യം പഠന വിധേയമാക്കിയിട്ടുള്ളത്. ഈ പഠനങ്ങൾ പ്രകാരം അന്ന് കർണാടകയിലെ കൂർഗ്, തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിനുശേഷം പശ്ചിമഘട്ടത്തിലെ ഒരു പഠനത്തിനും ഔദ്യോഗികമായി ഇവയുടെ സാന്നിധ്യം തെളിയിക്കാനായിരുന്നില്ല.
അതിനാൽ 1940നുശേഷം പശ്ചിമഘട്ടത്തിലെ ഇവയുടെ സാന്നിധ്യം ഒരു ചോദ്യചിഹ്‌നമായി മാറിയിരുന്നു. ഇതിനുത്തരം കിട്ടിയത് 70 ഓളം വർഷങ്ങൾക്കുശേഷം 2017ൽ തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ വാഹനമിടിച്ചു ചത്ത ഒരു നീർനായയുടെ ജഡം കിട്ടിയപ്പോഴായിരുന്നു. ഡി.എൻ.എ. പഠനത്തിലൂടെ അത് യൂറേഷ്യൻ നീർനായ ആണെന്ന് പിന്നീട് തെളിയുകയായിരുന്നു. എന്നാൽ നാളിതുവരെയും കേരളത്തിൽനിന്ന് ഇവയുടെ ചിത്രങ്ങളോ ഔദ്യോഗിക രേഖകളോ ലഭിച്ചിട്ടില്ല. ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്നുള്ള ഈ കണ്ടെത്തൽ യൂറേഷ്യൻ നീർനായയുടെ കേരളത്തിലെതന്നെ ആദ്യ ഔദ്യോഗിക രേഖയാണ്. മാത്രമല്ല നീണ്ട 70 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായാണ് പശ്ചിമഘട്ടത്തിൽ ഇവയെ ജീവനോട് കൂടി കണ്ടെത്തിയിരിക്കുന്നത്.
കേരള കാർഷിക സർവകലാശാല, വനശാസ്ത്ര കോളജിലെ വന്യജീവി ശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ഒ. നമീറിന്റ നേതൃത്വത്തിൽ ഗവേഷണ വിദ്യാർഥിയായ ശ്രീഹരി കെ. മോഹൻ, പക്ഷി നിരീക്ഷകരായ ലതീഷ് ആർ. നാഥ്, സുബിൻ കെ.എസ്, ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി എന്നിവരാണ് യൂറേഷ്യൻ നീർനായയെ ചിന്നാറിൽനിന്നും കണ്ടെത്തിയത്. ഈ കണ്ടെത്തൽ അന്താരാഷ്ട്ര ജേർണൽ ആയ ജേർണൽ ഓഫ് ത്രെറ്റൻഡ് ടാക്‌സയുടെ ഡിസംബർ എഡിഷനിൽ പ്രസിദ്ധീകരിച്ചു.
യൂറേഷ്യൻ നീർനായയെ കുറിച്ചുള്ള തുടർന്നുള്ള ഗവേഷണങ്ങൾക്കും അവയുടെ വർഗീകരണം, എണ്ണം, വിന്യാസം, സ്വഭാവം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങൾക്കും ഈ ലേഖനം ഊന്നൽ നൽകുന്നു. ഇതിനു പുറമെ പശ്ചിമഘട്ടത്തിലെ ഉയർന്ന വിതാനങ്ങളിലെ പുഴയോര കാടുകളെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്ര ലേഖനം ചർച്ച ചെയ്യുന്നുണ്ട്.