ഗവർണർക്കെതിരെ വീണ്ടും പ്രതിഷേധം; തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

Advertisement

തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറൽ ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവർത്തകർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി വീശി.

ആരിഫ് ഖാൻ ഗോ ബാക്ക്, ഗവർണർ ഗോ ബാക്ക് വിളികളോടെയായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ എസ്എഫ്ഐ ഇന്ന് പ്രതിഷേധം നടത്തില്ലെന്ന് കരുതിയിരുന്നെങ്കിലും ഒട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ.

പ്രതിഷേധിക്കുന്നവർ അത് തുടരട്ടെയെന്നും തന്റെ കാറിൽ വന്ന് ഇടിച്ചതിനാലാണ് പ്രതിഷേധക്കാർക്കെതിരെ രൂക്ഷമായി മുൻപ് പ്രതിഷേധിച്ചതെന്നുമായിരുന്നു വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് ഗവർണർ പറഞ്ഞത്. കേരള സർവകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിർദ്ദേശം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ഭരണാനുകൂല വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതിഷേധം.

Advertisement