ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത എബിവിപി നേതാവ് അറസ്റ്റില്‍

Advertisement

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്ത എബിവിപി നേതാവ് അറസ്റ്റില്‍. ക്രിസ്തുമസ് ആഘോഷത്തിനിടെ പന്തളം എന്‍എസ്എസ് കോളജിലുണ്ടായ സംഘര്‍ഷത്തിലെ ഒന്നാം പ്രതി വിഷ്ണു, ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.
ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് പന്തളം പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നാലെ കോളജിലെ ക്രിസ്തുമസ് പരിപാടി റദ്ദാക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെ പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തിരുന്നു. കോളജിലെ സംഘര്‍ഷത്തില്‍ പ്രതിയായ എബിവിപി നേതാവ് ശ്രീനാഥിന്റെ വീടാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആക്രമിച്ച് തകര്‍ത്തത്. പിന്നില്‍ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് എബിവിപി ആരോപിച്ചിരുന്നു. പിന്നീട് പന്തളത്ത് ആര്‍ എസ് എസ് കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി.

Advertisement