2023 ഡിസംബർ 29 വെള്ളി
🌴 കേരളീയം 🌴
🙏കെ.ബി. ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നു സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായി ചുമതലയേല്‍ക്കും.വൈകിട്ട് 4ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും.
🙏തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ- സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നിനു പ്രാബല്യത്തിലാകും. രാവിലെ പത്തരയ്ക്ക് കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജനന മരണ, വിവാഹ രജിസ്ട്രേഷന്‍, വ്യാപാര ലൈസന്‍സ് തുടങ്ങിയവയെല്ലാം ഓണ്‍ലൈനായി നല്‍കും.
🙏സര്‍വകലാശാലകളില്‍ സ്ഥിരം വിസി നിയമനത്തിനുള്ള നടപടികള്‍ ഉടനേ തുടങ്ങുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരിങ്കൊടി പ്രതിഷേധവുമായി എത്തിയാല്‍ താന്‍ ഇനിയും കാറിന് പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
🙏ബാബറി പള്ളി പൊളിച്ചിടത്ത് അമ്പലം പണിത് ഉദ്ഘാടനത്തിന് ബിജെപി ക്ഷണിക്കുമ്പോള്‍ നിരസിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നവര്‍ ഉണരുമ്പോള്‍ ബിജെപിയാകുകയാണ്. ക്ഷണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിരസിച്ചു. ബിനോയ് വിശ്വം പറഞ്ഞു.
🙏പന്തളം എന്‍ എസ് എസ് കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ സെനറ്റിലേക്കു നോമിനേറ്റു ചെയ്തയാള്‍ അടക്കം രണ്ട് എബിവിപി പ്രവര്‍ത്തകര്‍ റിമാന്‍ഡിലായി. ഒന്നാം പ്രതി വിഷ്ണു, ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദന്‍ എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്.
🙏ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കാന്‍ ഉത്സവ കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും ആനകളെ ഇന്‍ഷ്വര്‍ ചെയ്യണമെന്നു മൃഗസംരക്ഷണ വകുപ്പ്. ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ – വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാകണം. ഉച്ചയ്ക്ക് 11 മണിക്കും 3.30 നും ഇടയില്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം ആറുമണിക്കൂറിലേറെ തുടര്‍ച്ചയായി എഴുന്നള്ളിക്കരുത്.
🇳🇪 ദേശീയം 🇳🇪
🙏കേന്ദ്ര സേനകളുടെ തലപ്പത്ത് അഴിച്ചുപണി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടര്‍ ജനറലായി സ്പെഷല്‍ ഡയറക്ടര്‍ ജനറലായിരുന്ന നീന സിങിനെ നിയമിച്ചു. സിഐഎസ്എഫിന് ഇതാദ്യമായാണ് ഒരു വനിതാ മേധാവിയാകുന്നത്. സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് മേധാവി അനീഷ് ദയാലിനെ നിയമിച്ചു.
🙏വാഹനങ്ങളുടെ പുക പരിശോധന നടത്തുന്നതിനൊപ്പം പരിശോധനയുടെ വീഡിയോ ചിത്രീകരിച്ച് പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നു നിര്‍ദ്ദേശം. പുക പരിശോധനാ കേന്ദ്രങ്ങള്‍ ഇങ്ങനെ അപ് ലോഡ് ചെയ്തശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്നാണ് ഉത്തരവ്.
🙏മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാല് എയര്‍ ഇന്ത്യ ജീവനക്കാരേയും ഒരു യാത്രക്കാരനേയും ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു. യുകെയിലെ ബര്‍മിംഗ്ഹാമിലേക്കു പോകാനിരുന്ന ദില്‍ജോത് സിംഗ് തെറ്റായ രീതിയില്‍ ചെക്ക് ഇന്‍ ചെയ്തതു ശ്രദ്ധയില്‍ പെട്ടതോടെ തടഞ്ഞുവച്ച് ചോദ്യം ചെയ്തതോടെയാണ് സിഐഎസ്എഫ് ഇവരെ പിടികൂടിയത്.
🙏തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവുവിനെതിരെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ആന്ധ്രാപ്രദേശ് പോലീസില്‍ പരാതി നല്‍കി. സംവിധായകന്റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ശ്രീനിവാസ റാവു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രാം ഗോപാല്‍ വര്‍മ്മ പരാതി നല്‍കിയത്.
🇦🇽 അന്തർദേശീയം 🇦🇺
🙏ഖത്തറില്‍ തടവിലായ ഇന്ത്യയുടെ മുന്‍ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി. മലയാളി ഉള്‍പ്പടെ എട്ടു പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ചാണ് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറില്‍ വധശിക്ഷക്കു വിധിച്ചത്.
🙏ഇന്ത്യയില്‍ ഫോണ്‍ ചോര്‍ത്തല്‍ തുടരുന്നുണ്ടെന്നും ഒക്ടോബറില്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് പെഗാസസ് ഇരകള്‍ക്കു നല്‍കിയ മുന്നറിയിപ്പ് തിരുത്താന്‍ ആപ്പിള്‍ കമ്പനിയില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ്. ഇന്ത്യയില്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തകരുടേതടക്കം ഫോണുകളില്‍ പെഗാസസ് ചോര്‍ത്തല്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ അവസാനമാണ് പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അടക്കം പ്രമുഖര്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശമെത്തിയത്. സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍.
🏏 കായികം 🏏
🙏മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു റായുഡുവിന്റെ രാഷ്ട്രീയ ഇന്നിംഗ്സ്.