കണ്ണൂര്‍ അയ്യംകുന്നിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടു

Advertisement

കണ്ണൂര്‍ .അയ്യംകുന്നിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശിയായ കവിത എന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററുകളിലും പശ്ചിമഘട്ട വക്താവ് ജോഗിയുടെ പേരിലുള്ള കുറിപ്പിലുമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പൊലീസും ഇത് സ്ഥിരീകരിച്ചു



തലപ്പുഴ ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ വ്യാപക തെരച്ചില്‍ നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആറളം അയ്യന്‍കുന്നില്‍ നവംബര്‍ 13ന് രാവിലെ ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ പരിക്കേറ്റ കവിത ചികിത്സയിലിരിക്കെ മരിച്ചുവെന്നാണ് മാവോയിസ്റ്റുകളുടെ കുറിപ്പില്‍ ഉള്ളത്. വിപ്ലവകാരിക്ക് ലഭിക്കേണ്ട എല്ലാ ബഹുമതികളോടും കൂടി മൃതദേഹം പശ്ചിമഘട്ടത്തില്‍ സംസ്കരിച്ചുവെന്നും കുറിപ്പിലുണ്ട്. ആന്ധ്രപ്രദേശിലെ റായല്‍സീമ സ്വദേശിയാണ് ലക്ഷ്മി എന്ന കവിത. 2015 മുതല്‍ പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. മരിക്കുമ്പോള്‍ കബനി ഏരിയ സെക്രട്ടറിയായിരുന്നനുവെന്നാണ് മാവോയിസ്റ്റുകളുടെ കുറിപ്പിലുള്ളത്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നാല് തവണ പൊലീസ് ആക്രമണം നടന്നെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മാവോയിസ്റ്റുകളെ തുടച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്ക്കുകയാണെന്നമുള്ള ആക്ഷേപങ്ങളും കുറിപ്പിലുണ്ട്. രക്തകടങ്ങള്‍ രക്തത്താല്‍ പകരം വീട്ടുമെന്ന മുന്നറിയിപ്പാണ് പോസ്റ്ററുകളില്‍. ഇന്നലെ രാത്രിയാണ് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്

Advertisement