തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെ ബി ഗണേഷ്കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് മന്ത്രിസഭയിൽനിന്ന് ചായ സത്കാരത്തിൽ പങ്കെടുത്തത്.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചായ സത്കാരത്തിൽനിന്നും വിട്ടുനിന്നുകൊണ്ടുള്ള അസാധാരണ നടപടി മുഖ്യമന്ത്രിയിൽനിന്നും മന്ത്രിമാരിൽനിന്നുമുണ്ടായത്. അതേസമയം, പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവനും രജിസ്ട്രേഷൻ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നൽകിയേക്കുമെന്നുമാണ് സൂചന. വകുപ്പുകൾ സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കെബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും ലഭിക്കുക.
സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം മുഖം കൊടുക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായിരുന്നില്ല. ഇതിനുപിന്നാലെയാണ് ചായ സത്കാരം കൂട്ടത്തോടെ ബഹിഷ്കരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വേദിയിൽ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം നോക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല. സത്യപ്രതിജ്ഞ ചടങ്ങ് മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള മഞ്ഞുരുകലിനുള്ള വേദിയായി മാറുമെന്ന് കരുതിയിരുന്നെങ്കിലും അതിനുള്ള അവസരമുണ്ടായില്ലെന്ന് മാത്രമല്ല അസാധാരണ രംഗങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. ചടങ്ങ് ആരംഭിച്ചത് മുതൽ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂർത്തിയാക്കി ഉടൻ തന്നെ ഗവർണർ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായസൽക്കാരത്തിൽ പങ്കെടുക്കാതെ മടങ്ങി. പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല. എന്തായാലും ഗവർണറും സർക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിൻറെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും നൽകിയത്.